
ദോഹ: ഖത്തറിന്റെ പിതൃ അമീറായിരുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നിര്യാണത്തില്‍ കേന്ദ്ര പാര്‍ലമെന്ററി കാര്യ- ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ സന്ദര്‍ശിച്ച് ഇന്ത്യാ സര്‍ക്കാരിന്റെയും ജനങ്ങളുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പേരില്‍ അനുശോചനം അറിയിച്ചു.

ജൂലൈ 14-ന് ഖത്തറിലെത്തിയ കേന്ദ്രമന്ത്രി, പിതൃ അമീറിന്റെ വിയോഗത്തില്‍ ഇന്ത്യയുടെ ദുഃഖം രേഖപ്പെടുത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിപരമായ ആദരവും അനുശോചനവും ഖത്തര്‍ അമീറിന് കൈമാറുകയും ചെയ്തു.

ജൂലൈ 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പിതൃ അമീറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അനുശോചന സന്ദേശത്തില്‍ ഖത്തറിനെ അഭിവൃദ്ധിയുടെയും ആധുനികവത്ക്കരണത്തിന്റെയും പുതിയ ഉയരങ്ങളിലെത്തിച്ച ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു പിതൃ അമീറെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യ- ഖത്തര്‍ തന്ത്രപ്രധാന പങ്കാളിത്തത്തിന് ശക്തമായ അടിത്തറ പാകുന്നതില്‍ ഫാദര്‍ അമീര്‍ വഹിച്ച നിര്‍ണായക പങ്കും ഇന്ത്യയുടെ ആത്മാര്‍ഥ സുഹൃത്തായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകളും പ്രധാനമന്ത്രി എടുത്തുപറഞ്ഞിരുന്നു.
പിതൃ അമീറിനോടുള്ള ആദരസൂചകമായി ഇന്ത്യ സര്‍ക്കാര്‍ ജൂലൈ 13ന് രാജ്യവ്യാപകമായി ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും വിദേശത്തുള്ള ഇന്ത്യന്‍ എംബസികളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.
ഇതിനിടെ ഖത്തറിലെ ഇന്ത്യന്‍ സമൂഹവും പിതൃ അമീറിന്റെ നിര്യാണത്തില്‍ നേതൃത്വത്തിനും ജനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഇന്ത്യന്‍ സാമൂഹിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു.
സാമൂഹിക- സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍, പ്രമുഖര്‍, ഇന്ത്യന്‍ സമൂഹാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ പിതൃ അമീറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. ഖത്തറിലെ പ്രവാസി സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ കരുതലും മാനുഷിക സമീപനവും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും എന്നും സ്മരിക്കപ്പെടുമെന്നും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

