
ദോഹ: സ്വന്തം വിഹിതത്തില്‍ നിന്ന് നല്‍കി പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായ നിരവധി മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ലഭിക്കേണ്ട പ്രവാസി പെന്‍ഷന്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്നത് അത്യന്തം ഖേദകരമാണെന്ന് ഐ എം സി സി ഖത്തര്‍ പ്രസ്താവനയില്‍ അറിയിച്ചു. ക്ഷേമനിധിയില്‍ അംഗങ്ങളായ പ്രവാസികള്‍ക്ക് അവരുടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

കുടിശ്ശികയായ പ്രവാസി പെന്‍ഷന്‍ യാതൊരു കാലതാമസവും കൂടാതെ വിതരണം ചെയ്യുന്നതിനും ഭാവിയില്‍ പെന്‍ഷന്‍ വിതരണം മുടങ്ങാതിരിക്കാനുള്ള സ്ഥിരം സംവിധാനം ഉറപ്പാക്കുന്നതിനും കേരള സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐ എം സി സി ഖത്തര്‍ ശക്തമായി ആവശ്യപ്പെട്ടു.

പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാഷ്ട്രീയ ഭിന്നതകള്‍ക്കതീതമായി എല്ലാ ജനപ്രതിനിധികളും സാമൂഹിക- സാംസ്‌കാരിക സംഘടനകളും പ്രവാസി സമൂഹത്തിനൊപ്പം ഉറച്ചുനില്‍ക്കണമെന്നും അഭ്യര്‍ഥിച്ചു. പ്രവാസികളുടെ അധ്വാനത്തെയും അവകാശങ്ങളെയും ആദരിക്കുകയും കുടിശ്ശികയായ പ്രവാസി പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുകയും വേണമെന്ന് ഐ എം സി സി ഖത്തര്‍ പ്രസിഡന്റ് സുബൈര്‍ പി പി, ഐ എം സി സി ഖത്തര്‍ ജനറല്‍ സെക്രട്ടറി സയ്യിദ് മുഹ്‌സിന്‍ ബാഫഖി എന്നിവര്‍ ആവശ്യപ്പെട്ടു.
