ഇന്ത്യ- ഖത്തര്‍ ബന്ധത്തിന് ശക്തമായ അടിത്തറ പാകിയത് പിതൃ അമീറെന്ന് ഇന്ത്യന്‍ അംബാസഡര്‍

Web Desk
2 Min Read

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ശക്തമായ അടിത്തറ പാകുന്നതില്‍ ഖത്തറിന്റെ പിതൃഅമീറായിരുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി നിര്‍ണായക പങ്കുവഹിച്ചിരുന്നുവെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പറഞ്ഞു. പിതൃ അമീറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഐ സി സി, ഐ സി ബി എഫ്, ഐ എസ് സി, ഐ ബി പി സി എന്നിവയുമായി ചേര്‍ന്ന് സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പിതൃ അമീറുമായി ഇന്ത്യയുടെ നേതാക്കള്‍ നടത്തിയ സുപ്രധാന കൂടിക്കാഴ്ചകളില്‍ പങ്കെടുക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു. 2022ലെ കൂടിക്കാഴ്ചയും തുടര്‍ന്ന് 2024 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഖത്തര്‍ സന്ദര്‍ശിച്ച വേളയിലെ കൂടിക്കാഴ്ചയും അതില്‍ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ കൂടിക്കാഴ്ചകളിലും ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യയോടും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തോടുമുള്ള പിതൃ അമീറിന്റെ ആത്മാര്‍ഥമായ സ്നേഹവും ആദരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കും ഇന്ത്യന്‍ സമൂഹത്തിനും അദ്ദേഹം എപ്പോഴും തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമാണ് നല്‍കിയിരുന്നതെന്നും വിപുല്‍ അനുസ്മരിച്ചു.

പിതൃ അമീറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഖത്തര്‍ പ്രഖ്യാപിച്ച ദേശീയ ദുഃഖാചരണത്തെക്കുറിച്ചും അംബാസഡര്‍ പരാമര്‍ശിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യത്തുടനീളമുള്ള ഔദ്യോഗിക കെട്ടിടങ്ങളിലും വിദേശത്തുള്ള ഖത്തറിന്റെ നയതന്ത്ര കാര്യാലയങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയതായും അന്ന് ഔദ്യോഗിക ആഘോഷപരിപാടികളൊന്നും സംഘടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദബന്ധം ഇനിയും കൂടുതല്‍ ശക്തിപ്പെടുകയും വികസിക്കുകയും ചെയ്യുമെന്ന് അംബാസഡര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആ സൗഹൃദത്തിന് ഉറച്ച അടിത്തറ ഒരുക്കിയത് ഫാദര്‍ അമീറാണെന്നും അദ്ദേഹം കെട്ടിപ്പടുത്ത സത്ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്നത് ഖത്തറില്‍ കഴിയുന്ന ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്തമാണെന്നും വിപുല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും ഇന്ത്യയോടുള്ള സൗഹൃദവും ഇരു രാജ്യങ്ങളുടെയും ബന്ധത്തിന് എന്നും പ്രചോദനമായിരിക്കുമെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ എംബസി എച്ച് ഒ സി ഡോ. വൈഭവ് തണ്ടാലേ, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവര്‍ അനുശോചന സന്ദേശങ്ങള്‍ നല്‍കി.

ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ് സ്വാഗതവും ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി നന്ദിയും പറഞ്ഞു.

പിതൃഅമീറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സദസ്സ് ഒരു മിനുട്ട് മൗനം ആചരിച്ചു. പിതൃഅമീറിനെ കുറിച്ചുള്ള വീഡിയോയും സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!