
ദോഹ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ‘ഇന്ത്യ ഉത്സവ് 2026’ന് തുടക്കമിട്ടു. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരം, ഭക്ഷണ വൈവിധ്യം, പാരമ്പര്യങ്ങള്‍, കരകൗശല മികവ് എന്നിവ പരിചയപ്പെടുത്തുന്ന പ്രത്യേക ഉത്സവമാണ് ഇന്ത്യ ഉത്സവ്. ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്.


ഖത്തറിലെ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് സന്ദീപ് കുമാറും ലുലു ഗ്രൂപ്പ് ഡയറക്ടറും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ ഡോ. മുഹമ്മദ് അല്‍താഫും ചേര്‍ന്ന് അല്‍ ഗറാഫ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യ ഉത്സവ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ സംഘടനകളുടെ പ്രതിനിധികള്‍, സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി), ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്), ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐ എസ് സി), ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ (ഐ ബി പി സി) എന്നിവയുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.


വിപണന മേള എന്നതിലുപരി ഇന്ത്യയുടെ വൈവിധ്യവും സാംസ്‌കാരിക സമ്പന്നതയും ആഘോഷിക്കുന്ന വേദിയാണ് ഇന്ത്യ ഉത്സവ്. വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം, തെരുവോര ഭക്ഷണങ്ങള്‍, പാരമ്പര്യ കലകള്‍, തലമുറകളെ ബന്ധിപ്പിക്കുന്ന കഥകളും ആചാരങ്ങളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയും ഖത്തറും തമ്മിലുള്ള പതിറ്റാണ്ടുകളായുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ജനങ്ങള്‍ തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെയും പ്രതിഫലനം കൂടിയാണ് ഇന്ത്യ ഉത്സവ്.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും വിലക്കുറവുകളും ഉത്സവത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സുഗന്ധവ്യഞ്ജനങ്ങള്‍, വിവിധ പ്രദേശങ്ങളിലെ ഭക്ഷ്യവിഭവങ്ങള്‍, പഴം- പച്ചക്കറികള്‍, പരമ്പരാഗത മിഠായികള്‍, ഉത്സവവിഭവങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണങ്ങള്‍ തത്സമയം തയ്യാറാക്കി നല്‍കുന്ന ഹോട്ട് ഫുഡ് കൗണ്ടറുകള്‍, ജനപ്രിയ തെരുവോര ഭക്ഷണങ്ങള്‍ എന്നിവയും പ്രത്യേക ആകര്‍ഷണമാണ്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി പരമ്പരാഗതവും ആധുനികവുമായ ഇന്ത്യന്‍ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. വിവിധയിനം ചെറുധാന്യങ്ങളും (മില്ലറ്റുകള്‍) മില്ലറ്റ് ഉപയോഗിച്ചുള്ള ബേക്കറി ഉത്പന്നങ്ങളും പുതുതായി തയ്യാറാക്കുന്ന ഇന്ത്യന്‍ വിഭവങ്ങളും ലഭ്യമാണ്. ബിരിയാണി, വിവിധതരം കറികള്‍, തെരുവോര ലഘുഭക്ഷണങ്ങള്‍, പരമ്പരാഗത മിഠായികള്‍ തുടങ്ങിയവയിലൂടെ ഇന്ത്യയുടെ ഭക്ഷ്യപാരമ്പര്യത്തിന്റെ വൈവിധ്യം ആസ്വദിക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഇന്ത്യ ഉത്സവിനോടനുബന്ധിച്ച് ഖത്തര്‍ പോസ്റ്റ്, ഇന്ത്യ പോസ്റ്റ്, യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ (യു പി യു) എന്നിവയുടെ സഹകരണത്തോടെ ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നതിനുള്ള പുതിയ അതിര്‍ത്തി കടന്നുള്ള പണമിടപാട് സേവനവും ആരംഭിച്ചു. എന്‍ പി സി ഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡിന്റെ പിന്തുണയോടെ ഇന്ത്യയുടെ യു പി ഐ സംവിധാനം ഉപയോഗിച്ച് പോസ് ട്രാന്‍സ്ഫര്‍ വഴിയാണ് സേവനം ലഭ്യമാക്കുന്നത്. ഖത്തറില്‍നിന്ന് ഇന്ത്യയിലെ ഗുണഭോക്താക്കള്‍ക്ക് പണം അയയ്ക്കുന്നതിന് കൂടുതല്‍ സൗകര്യപ്രദവും വിശ്വസനീയവുമായ മാര്‍ഗമാണ് പുതിയ സേവനം.
സ്വാതന്ത്ര്യത്തിനായി പരമമായ ത്യാഗം ചെയ്ത സ്വാതന്ത്ര്യസമര സേനാനികളെയും ദേശീയ നായകരെയും ഈ അവസരത്തില്‍ ആദരവോടെ സ്മരിക്കണമെന്നും ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ ദീര്‍ഘവീക്ഷണമുള്ള നേതാക്കളുടെ സംഭാവനകള്‍ ഓര്‍ക്കണമെന്നും സന്ദീപ് കുമാര്‍ പറഞ്ഞു. സ്വാതന്ത്ര്യാനന്തര ആദ്യകാലഘട്ടത്തില്‍നിന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയതും അതിവേഗം വളരുന്നതുമായ പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറില്‍ ഇന്ത്യന്‍ സമൂഹത്തെ ഒരുമിപ്പിക്കുന്നതിനും ഇന്ത്യയുടെ ആത്മാവ് ആഘോഷിക്കുന്നതിനും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് നല്‍കിവരുന്ന പിന്തുണയെയും പ്രവര്‍ത്തനങ്ങളെയും സന്ദീപ് കുമാര്‍ അഭിനന്ദിച്ചു. ഇത്തരം സംരംഭങ്ങള്‍ ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യന്‍ സമൂഹത്തിന് പൊതുപൈതൃകവും മൂല്യങ്ങളും ഒരുമിച്ച് ആഘോഷിക്കാനുള്ള പ്രധാന വേദിയൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 25 വര്‍ഷമായി ലുലു ഇന്ത്യ ഉത്സവില്‍ പങ്കാളിയാണെന്നും വര്‍ഷങ്ങളായി ഈ ആഘോഷങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫ് പറഞ്ഞു. ഇന്ത്യ ഉത്സവ്, ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളുടെ ഖത്തറിലെ അവതരണം, വാര്‍ഷിക മാംഗോ ഫെസ്റ്റിവല്‍ എന്നിവയിലൂടെ ഖത്തറിനും ഇന്ത്യയ്ക്കുമിടയിലെ ഒരു പാലമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ലുലു അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള ശക്തവും നിലനില്‍ക്കുന്നതുമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ചെറിയൊരു പങ്ക് വഹിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര ഉപഭോഗത്തിനായി പ്രധാനമായും ഭക്ഷ്യോത്പാദനം നടത്തിയിരുന്ന രാജ്യത്തില്‍നിന്ന് ലോകത്തെ മുന്‍നിര ഭക്ഷ്യോത്പാദക- കയറ്റുമതി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്ന് അല്‍താഫ് ചൂണ്ടിക്കാട്ടി. വിശാലമായ ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ വൈവിധ്യം ഇന്ത്യയ്ക്ക് വിവിധതരം കാര്‍ഷിക ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ആഗോള വിതരണ ശൃംഖലയിലെ വെല്ലുവിളികളും പ്രതികൂല കാലാവസ്ഥയും ഉണ്ടായിട്ടും ഇന്ത്യയുടെ ഭക്ഷ്യ കയറ്റുമതി മേഖല ശക്തമായി തുടരുകയാണെന്നും ഖത്തറിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ വിശ്വസനീയ പങ്കാളിയായി ഇന്ത്യ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തെ ഇന്ത്യ ഉത്സവിനായി ഇന്ത്യയില്‍നിന്നുള്ള ഉയര്‍ന്ന നിലവാരമുള്ള വിവിധ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം ഖത്തറില്‍ എത്തിച്ചതായും അദ്ദേഹം അറിയിച്ചു. ഇരു സര്‍ക്കാരുകളുടെയും തുടര്‍ച്ചയായ പിന്തുണയും സഹകരണവും ഉത്പന്നങ്ങളുടെ വില സ്ഥിരത നിലനിര്‍ത്തുന്നതിനും അവശ്യസാധനങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിനും സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള ഭക്ഷ്യ, സാംസ്‌കാരിക, സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ലുലു ഗ്രൂപ്പ് തുടര്‍ന്നും പ്രതിജ്ഞാബദ്ധമാണെന്നും അല്‍താഫ് വ്യക്തമാക്കി.
ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം നടക്കുന്ന ‘ഇന്ത്യ ഉത്സവ് 2026’ പ്രമോഷന്‍ ഓഗസ്റ്റ് 21 വരെ തുടരും.

