
ദോഹ: ഗതാഗത സേവന ദാതാക്കളായ മൊവാസലാത്ത് (കര്‍വ) ഗതാഗത ഖത്തറിലെ ആദ്യ റോബോടാക്‌സി സേവനം ആരംഭിച്ചു. ഖത്തര്‍ ദേശീയ വീക്ഷണം 2030ന് അനുസൃതമായി സ്മാര്‍ട്ട്, സുസ്ഥിര, സാങ്കേതികാധിഷ്ഠിത ഗതാഗത പരിഹാരങ്ങളുടെ വികസനത്തിലെ നാഴികക്കല്ലാണിത്.

യാത്രക്കാരുടെ സുരക്ഷ, സൗകര്യം, കാര്യക്ഷമത എന്നിവ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ചെടുത്ത അത്യാധുനിക സ്വയം നിയന്ത്രിത (ഓട്ടോണമസ്) സാങ്കേതികവിദ്യയിലൂടെ റോബോടാക്‌സി സേവനം ഗതാഗത രംഗത്ത് പുതിയ യുഗത്തിന് തുടക്കം കുറിക്കും.


ഓരോ റോബോടാക്‌സിയിലും 11 ക്യാമറകള്‍, നാല് റഡാറുകള്‍, നാല് ലിഡാര്‍ സെന്‍സറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സംവിധാനം സജ്ജീകരിച്ചിട്ടുണ്ടാകും. ഇതിലൂടെ 360 ഡിഗ്രി പരിസര ബോധം, കൃത്യമായ നാവിഗേഷന്‍, തത്സമയ തടസ്സ നിര്‍ണയം എന്നിവ സാധ്യമാകുന്നു.
പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും അസാധാരണ സാഹചര്യം ഉണ്ടായാല്‍ അടുത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് വാഹനം സുരക്ഷിതമായി നീങ്ങാന്‍ കഴിയുന്ന ഇന്‍ബില്‍റ്റ് റെഡണ്ടന്‍സി സംവിധാനവും റോബോടാക്‌സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റോബോടാക്‌സി സംവിധാനത്തിലൂടെ ശേഖരിക്കുന്ന എല്ലാ പ്രവര്‍ത്തനവും യാത്രക്കാരുമായി ബന്ധപ്പെട്ട ഡാറ്റയും ഖത്തറിനകത്ത് തന്നെ സുരക്ഷിതമായി സംഭരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ ദേശീയ ഡാറ്റ ലോക്കലൈസേഷന്‍, സൈബര്‍ സുരക്ഷാ ചട്ടങ്ങള്‍ എന്നിവയോടുള്ള പൂര്‍ണ്ണ അനുസരണം ഉറപ്പാക്കുന്നു.

അന്താരാഷ്ട്ര തലത്തിലുള്ള മുന്‍നിര ഓട്ടോണമസ് സാങ്കേതിക പങ്കാളികളുമായി സഹകരിച്ചാണ് ഈ സേവനം വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തത്. പ്രാദേശിക പ്രവര്‍ത്തന, നിയമപരമായ ആവശ്യകതകളുമായി അന്താരാഷ്ട്ര വൈദഗധ്യം സംയോജിപ്പിച്ച് ഉയര്‍ന്ന സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
നൂതന സാങ്കേതികവിദ്യ, സുസ്ഥിരത, സേവന മികവ് എന്നിവയിലൂടെ ഖത്തറിലെ ഗതാഗതത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ മൊവാസലാത്തിന്റെ പ്രതിബദ്ധതയെയാണ് റോബോടാക്‌സി സേവനത്തിന്റെ തുടക്കം പ്രതിഫലിപ്പിക്കുന്നത്.

