
കൊച്ചി: കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, സീഷെല്‍സിലെ ഫിഷറീസ്, അഗ്രിക്കള്‍ച്ചര്‍ ആന്റ് ബ്ലൂ ഇക്കോണമി മന്ത്രാലയത്തിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ മിനിസ്റ്റര്‍ വാലസ് കോസ്ഗ്രോയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘവുമായി ബിസിനസ് റൗണ്ട് ടേബിള്‍ ചര്‍ച്ച സംഘടിപ്പിച്ചു. വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന് ചേംബര്‍ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു കൂടിക്കാഴ്ച.

കൊച്ചിന് ചേംബര്‍ പ്രസിഡന്റ് ിനോദിനി സുകുമാര്‍ സ്വാഗതം പറഞ്ഞു. കേരളവും സീഷെല്‍സും തമ്മിലുള്ള ബിസിനസ്, സ്ഥാപനതല ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ ചൂണ്ടിക്കാട്ടി. ചേംബര്‍ വൈസ് പ്രസിഡന്റ് ബിബു ബി പുന്നൂരാന്‍ നന്ദി രേഖപ്പെടുത്തി.

സീഷെല്‍സ് പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിനും സംവാദത്തിനും അദ്ദേഹം നന്ദി അറിയിക്കുകയും ഇരുപക്ഷങ്ങളും തമ്മിലുള്ള കൂടുതല്‍ ബിസിനസ് സഹകരണത്തിന് ആവശ്യമായ പിന്തുണ നല്കാന് ചേംബര്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.
ചേംബര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി എസ് കാര്‍ത്ത, സന്തോഷ് കുമാര്‍, പ്രകാശ് അയ്യര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മത്സ്യബന്ധനം, കൃഷി, അക്വാകള്‍ച്ചര്‍, ബ്ലൂ ഇക്കോണമി തുടങ്ങിയ മേഖലകളില്‍ കേരളത്തിനും സീഷെല്‍സിനും തമ്മില്‍ സഹകരിക്കാവുന്ന മേഖലകളും പുതിയ ബിസിനസ് അവസരങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. സീഷെല്‍സ് സര്‍ക്കാരിന്റെ പ്രതിനിധികളും കേരളത്തിലെ ബിസിനസ് സമൂഹവും തമ്മില്‍ നേരിട്ടുള്ള ആശയവിനിമയത്തിനും കൂടിക്കാഴ്ച അവസരമൊരുക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.

