
കണ്ണൂര്‍: ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രയില്‍ ജയിലില്‍ നിന്നും ചാടി. ജീവപര്യന്തം ശിക്ഷ അനുഭവിക്കവെയാണ് ജയിച്ചാട്ടം.

രാവിലെ സെല്‍ തുറന്ന് പരിശോധന നടത്തിയപ്പോഴാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ട വിവരം മനസ്സിലായത്. ജയില്‍ അധികൃതര്‍ പരിശോധന ശക്തമാക്കി. ഗോവിന്ദച്ചാമിക്ക് വധശിക്ഷയാണ് വിധിച്ചതെങ്കിലും സുപ്രിം കോടതി റദ്ദാക്കിയതായിരുന്നു.

ജയില്‍ വളപ്പില്‍ പരിശോധന നടത്തിയെങ്കിലും ഇയാളില്ലെന്നാണ് വിവരം. എങ്ങനെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടകാര്യത്തില്‍ അവ്യക്തതയുണ്ട്. ജയിലിലെ സി സി ടി വികള്‍ പരിശോധിക്കുന്നുണ്ട്.
തമിഴ്‌നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമിയെന്ന ചാര്‍ളി തോമസ്. മോഷണക്കേസിലും പ്രതിയാണ് ഗോവിന്ദച്ചാമി. രാവിലെ ഏഴു മണിയോടെയാണ് ഗോവിന്ദച്ചാമി സെല്ലിനകത്ത് ഇല്ലെന്ന വിവരം പൊലീസിന് ലഭിച്ചത്. തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാള്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം.
ഒറ്റയ്ക്കുള്ള സെല്ലിലായിരുന്നു ഗോവിന്ദച്ചാമി കഴിഞ്ഞിരുന്നത്. സെല്ലിന്റെ അഴികള്‍ മുറിച്ചു മാറ്റിയതായും പറയുന്നുണ്ട്. പുലര്‍ച്ചെ 1.15 മണിയോടെയായിരിക്കും ജയില്‍ ചാടിയതെന്നാണ് കരുതുന്നത്. പുറത്തു നിന്നും സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് സൂചന.
2011ല്‍ ഫെബ്രുവരിയിലാണ് ട്രെയിന്‍ യാത്രക്കാരിയായ യുവതിയെ ഗോവിന്ദച്ചാമി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. 2011 നവംബര്‍ 11ന് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ഗോവിന്ദച്ചാമിയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2016 സെപ്തംബറില്‍ സുപ്രിം കോടതി വധശിക്ഷ റദ്ദാക്കി ജീവപര്യന്തം തടവ് നിലനിര്‍ത്തി. മാനസിക വിഭ്രാന്തിയുണ്ടെന്ന് കാണിച്ച് ശിക്ഷയില്‍ ഇളവ് നേടാനുള്ള ശ്രമവും ഗോവിന്ദച്ചാമി നടത്തിയിരുന്നു.

