
ഗോവിന്ദച്ചാമി പിടിയില്‍; കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്ന്
കണ്ണൂര്‍: ജയില്‍ ചാടിയ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ നിന്നും പിടികൂടി. തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. തളാപ്പിലെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചിരുന്ന പ്രതി പൊലീസ് വീട് വളഞ്ഞതോടെ ഇറങ്ങിയോടി കിണറ്റില്‍ ചാടുകയായിരുന്നു.

കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ പ്രതിക്കുവേണ്ടി പൊലീസ് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയാണ് തളാപ്പ് പരിസരത്ത് കൈ ഇല്ലാത്ത ആളെ സംശയകരമായി കണ്ടതായി നാട്ടുകാര്‍ അറിയിച്ചത്.

അതിനിടെ ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായി. നാലു ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു.
ഗോവിന്ദച്ചാമി ജയില്‍ ചാടിയത് വ്യക്തമായ ആസൂത്രണത്തോടെയാണെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണിക്കും 6 മണിക്കുമിടയിലാണ് ഇയാള്‍ ജയില്‍ ചാടിയതെന്നാണ് വിവരം. ഇയാള്‍ കിടന്നിരുന്ന സെല്ലിന്റെ ഇരുമ്പു കമ്പികള്‍ മുറിച്ച നിലയിലായിരുന്നു. ജയിലിന്റെ മതില്‍ തുണി ഉപയോഗിച്ച് ഊര്‍ന്നിറങ്ങുകയായിരുന്നെന്നാണ് വിവരം.
ഗോവിന്ദച്ചാമിക്ക് ആരാണ് ആയുധം എത്തിച്ച് നല്‍കിയത് എന്നത് വ്യക്തമല്ല. ജയിലിന് അകത്തു നിന്നോ പുറത്തു നിന്നോ ഗോവിന്ദചാമിക്ക് സഹായം ലഭിച്ചതായുള്ള സൂചനയുണ്ട്.

