യുക്രൈനില്‍ നിന്നും ഏതാനും മലയാളി വിദ്യാര്‍ഥികള്‍ കേരളത്തിലെത്തി

Web Desk
2 Min Read

കൊച്ചി: യുദ്ധം ആരംഭിച്ച ശേഷം യുക്രൈനില്‍ കുടുങ്ങിയ 82 വിദ്യാര്‍ഥികള്‍ ഞായറാഴ്ച കേരളത്തിലെത്തി. ഡല്‍ഹി വഴി 56 പേരും മുംബയ് വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തിയത്.

city exchange

കൊച്ചിയിലെത്തിയ ആദ്യ സംഘത്തില്‍ പതിനൊന്നു പേരാണ് ഉള്‍പ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് വൈകുന്നേരം ആറരയോടെ 19 പേര്‍ വിമാനമിറങ്ങി. രാത്രി എട്ടരയോടെ ആറു പേരും എത്തിച്ചേര്‍ന്നു.

നെടുമ്പാശ്ശേരിയില്‍ മന്ത്രി പി രാജീവും ബെന്നി ബെഹന്നാന്‍ എം പി, അങ്കമാലി എം എല്‍ എ റോജി എം ജോണ്‍, ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത്് എന്നിവരും തിരുവനന്തപുരത്ത് മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍, നോര്‍ക്ക ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരും വിദ്യാര്‍ഥികളെ സ്വീകരിച്ചു.

- Advertisement -
Ad image

തിരികെയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഉള്‍പ്പടെ ഒരുക്കിയിട്ടുണ്ടെന്നും യുക്രൈനില്‍ നിന്ന് എല്ലാ വിദ്യാര്‍ഥികളെയും നാട്ടികളെത്തിക്കാന്‍ വേണ്ട ആശയവിനിമയം കേന്ദ്രസര്‍ക്കാരുമായി സംസ്ഥാനം നടത്തി വരികയാണെന്നും മന്ത്രി ശിവന്‍ കുട്ടി അറിയിച്ചു.

25 മലയാളി വിദ്യാര്‍ഥികളാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഉച്ചയോടെ ഡല്‍ഹിയിലെത്തിയ വിദ്യാര്‍ഥികളാണ് ചെന്നൈ വഴിയും ഹൈദരാബാദ് വഴിയും തലസ്ഥാനത്തെത്തിയത്.

ഡല്‍ഹിയില്‍ നിന്നും ചെന്നൈ വഴി എത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ 19 വിദ്യാര്‍ഥികളും ഹൈദരാബാദ് വഴിയെത്തിയ രണ്ടാമത്തെ വിമാനത്തില്‍ ആറുപേരുമാണ് ഉള്‍പ്പെട്ടിരുന്നത്. ആദ്യ വിമാനത്തില്‍ മുംബൈയില്‍ നിന്നുള്ള 11 പേരും ഉള്‍പ്പെട്ടിരുന്നു. തലസ്ഥാനത്ത് വിമാനമിറങ്ങിയവരില്‍ രണ്ടു പേര്‍ ഒഴികെയുള്ളവര്‍ തിരുവനന്തപുരം ജില്ലക്കാരാണ്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷിതമായി തങ്ങളെ നാട്ടിലെത്തിച്ചുവെന്നും കുറേ വിദ്യാര്‍ഥികള്‍ ഇനിയും പടിഞ്ഞാറന്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പന്ത്രണ്ട് മണിക്കൂറിലേറെ തങ്ങിയാണ് യുക്രൈനില്‍ നിന്നും തങ്ങള്‍ വിമാനം കയറിയത്. ആദ്യ സംഘത്തിലുള്ള ആളുകളായതിനാല്‍ സുരക്ഷിതമായി എത്തി. തിരിച്ചെത്തിയതില്‍ ആശ്വാസമുണ്ടെന്നും എന്നാല്‍ എല്ലാവരും നാട്ടിലെത്തിയെന്നറിഞ്ഞാല്‍ മാത്രമേ സന്തോഷിക്കാനാകൂവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

രക്ഷിതാക്കളും ബന്ധുക്കളും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങളില്‍ എത്തിയിരുന്നത്. ഇന്നലെ രാത്രി മുംബൈയില്‍ എത്തിയ വിദ്യാര്‍ഥികളെ നോര്‍ക്കയുടെ മേല്‍ നോട്ടത്തിലായിരുന്നു നാട്ടിലെത്തിച്ചത്. ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ നല്‍കിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!