

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നല്‍കിയ മൊഴി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഷാജി കിരണെന്നു പേരുള്ള ഒരാള്‍ തന്നെ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന സുരേഷ്. എന്നാല്‍ സരിത്തിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സ്വപ്‌ന സുരേഷാണ് തന്നെ വിളിച്ചു വരുത്തിയതെന്നും അവരുടെ ആരോപണത്തില്‍ ഞെട്ടിയിരിക്കുകയാണെന്നും ഷാജി കിരണ്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണ പ്രത്യാരോപണങ്ങളും വഴിത്തിരിവുകളും പൊടിപിടിക്കുന്നു.

മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നയാള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണമാണ് സ്വപ്ന പുതുതായി ഉന്നയിച്ചിരിക്കുന്നത്.മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വന്നതെന്ന് ഷാജി പറഞ്ഞുവെന്നും ഇന്ന് രാവിലെ പത്ത് മണിക്ക് മുന്‍പ് മൊഴി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപ്ന സുരേഷ് ആരോപിച്ചിരിക്കുന്നത്. ഷാജി സംസാരിക്കുന്നതിന്റെ ശബ്ദരേഖ തന്റെ കൈയ്യില്‍ ഉണ്ടെന്നും ആവശ്യമാണെങ്കില്‍ അത് കോടതിയില്‍ ഹാജരാക്കുമെന്നും സ്വപ്നാ സുരേഷ് ഹൈക്കോടതിയെ അറിയിച്ചു. ഗൂഢാലോചന ആരോപിച്ച് കെ ടി ജലീല്‍ എം എല്‍ എയുടെ പരാതിയില്‍ എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജിയിലാണ് സ്വപ്ന സുരേഷ് ഇക്കാര്യം ഉന്നയിക്കുന്നത്. സ്വപ്ന സുരേഷിന് പുറമേ സരിത്തും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

ജൂണ്‍ എട്ടാം തിയ്യതി ഒന്നരയ്ക്ക് മുഖ്യമന്ത്രിക്കെതിരായ മൊഴി മാറ്റിപ്പറയാന്‍ ഷാജി കിരണ്‍ തന്നെ സമീപിച്ചുവെന്നാണ് സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനുമായും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അടുത്തയാളാണെന്ന് പരിചയപ്പെടുത്തിയാണ് ഷാജി കിരണ്‍ സ്വപ്നയെ സമീപിച്ചത്. കെ പി യോഹന്നാന്റെ സംഘടനയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നതിനൊപ്പം അവരുടെ വിദേശത്തെ കാര്യങ്ങളെല്ലാം താനാണ് ഏകോപിപ്പിക്കുന്നതെന്നും ഷാജി പറഞ്ഞതായി സ്വപ്ന ഹരജിയില്‍ പറയുന്നു. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള 41 ആര്‍ 0500 എന്ന ടയോട്ട കാറിലാണ് വന്നതെന്നും സ്വപ്ന പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ നല്‍കിയ മൊഴി തിരുത്തി പറയണമെന്നും അതിനായി ജൂണ്‍ ഒന്‍പതിന് രാവിലെ 10 മണിവരെ സമയം നല്‍കമെന്നും ആര്‍ എസ് എസിന്റേയും ബി ജെ പിയുടേയും പ്രേരണയാലാണ് താന്‍ ഇത്തരത്തിലൊരു മൊഴി കൊടുത്തതെന്ന് തിരുത്തി പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ ഇടണമെന്നും ഇട്ടില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ജയിലില്‍ കിടക്കേണ്ടി വരുമെന്നുമാണ് തനിക്ക് അന്ത്യശാസനം നല്‍കിയെന്നാണ് സ്വപ്ന സുരേഷ് ഹര്‍ജിയില്‍ പറയുന്നത്. കസ്റ്റംസിനെതിരേയും ഹര്‍ജിയില്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നേരത്തെ കസ്റ്റംസിനോട് പറഞ്ഞിട്ടുണ്ടെങ്കിലും അതില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന ആരോപണവും സ്വപ്ന ഉന്നയിച്ചു.
എന്നാല്‍ സ്വപ്ന സുരേഷുമായി തനിക്ക് സുഹൃദ്ബന്ധമുണ്ടെന്നും സ്വപ്ന വിളിച്ചാണ് താനവരെ കാണാന്‍ പോയതെന്നും ഷാജി കിരണ്‍ പറയുന്നു. സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്ത ശേഷം സ്വപ്ന തന്നെയാണ് സഹായം ആവശ്യപ്പെട്ട് വിളിച്ചത്. ശേഷമാണ് കാണാന്‍ പോയതെന്നും ഷാജി കിരണ്‍ വിശദീകരിച്ചു. ഒരു സഹായം വേണമെന്ന് അവര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടപ്പോള്‍ നിയമപരമായി എല്ലാ സഹായങ്ങളും ചെയ്യാമെന്ന് മറുപടി നല്‍കിയതായും എന്നാല്‍ സ്വപ്നയുടെ ആരോപണത്തില്‍ താന്‍ ഞെട്ടിപ്പോയതായും ഷാജി കിരണ്‍ പറയുന്നു.
ഹര്‍ജിയില്‍ പറഞ്ഞ കാര്യങ്ങളൊന്നും തന്റെ അജണ്ടയിലുള്ള കാര്യങ്ങളല്ലെന്നു പറഞ്ഞ ഷാജി കിരണ്‍ മാധ്യമ പ്രവര്‍ത്തകനായ തനിക്ക് ജോലി കാലയളവില്‍ മാത്രമാണ് രാഷ്ട്രീയ നേതാക്കളുമായി പരിചയമുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനെയോ കോടിയേരി ബാലകൃഷ്ണനെയോ തനിക്ക് നേരില്‍ പരിചയമില്ലെന്നും വിശദമാക്കി.
കെ പി യോഹന്നാന് വേണ്ടി പി ആര്‍ ജോലികള്‍ ചെയ്തിരുന്നതായും തന്റെ ഭാര്യ അവിടെ ജോലി ചെയ്തിരുന്നതായും അറിയിച്ചു. വിശ്വാസി എന്ന നിലയില്‍ യോഹന്നാന്റെ ഓഫിസില്‍ പോയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
സുഹൃത്ത് എന്ന നിലയില്‍ സ്വപ്ന സുരേഷിനെ പരിചയമുണ്ടെന്നും കൊച്ചിയില്‍ എത്തുമ്പോള്‍ വിളിക്കാറുണ്ടെന്നും ഷാജി കിരണ്‍ പറഞ്ഞു. സ്വപ്നയുടെ അമ്മയേയും മകനേയും സഹോദരനേയും അറിയാം. സ്വപ്നയുടെ സുഹൃത്തെന്ന നിലയില്‍ സരിത്തിനേയും അറിയാമെന്നും പറഞ്ഞ ഷാജി കിരണ്‍ തനിക്ക് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാക്കളുമായും ബന്ധമില്ലെന്നു മാത്രമല്ല അക്കൗണ്ടില്‍ 32000 രൂപയുള്ളതാണ് ആകെ സമ്പാദ്യമെന്നും പറഞ്ഞു.
സരിത്തിനെ തട്ടികൊണ്ടുപോയെന്നു പറഞ്ഞ് സ്വപ്ന വിളിച്ചപ്പോള്‍ അക്കാര്യം പരിചയത്തിലുള്ള രണ്ട് മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു പറഞ്ഞതിന് ശേഷം സ്വപ്ന പറഞ്ഞത് പ്രകാരം താന്‍ പാലക്കാട്ടേക്ക് പോയെന്നും ഷാജി കിരണ്‍ വിശദീകരിക്കുന്നു.
നിങ്ങള്‍ നിങ്ങളുടെ സുരക്ഷ നോക്കി കാര്യങ്ങള്‍ ചെയ്യണമെന്നാണ് താന്‍ സ്വപ്നയോട് പറഞ്ഞതെന്നും മറ്റ് കാര്യങ്ങള്‍ സ്വപ്നയാണ് പറയേണ്ടതെന്നും ശബ്ദരേഖയുണ്ടെങ്കില്‍ അവരത് പുറത്ത് വിടട്ടെയെന്നും ആവശ്യപ്പെട്ടു. മൊഴി തിരുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല എം ശിവശങ്കറിനെ താന്‍ ഒരിക്കലും കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലലെന്നും ഒരു സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ പരിചയപ്പെട്ടതെന്നും വ്യക്തമാക്കി. രണ്ടു മാസം മുമ്പാണ് സുഹൃത്ത് മുഖേന സ്വപ്നയെ പരിചയപ്പെട്ടതെന്നും ഷാജി കിരണ്‍ പറയുന്നു.

