

ന്യൂദല്‍ഹി: ബി ജെ പി നേതാക്കളുടെ പ്രവാചകനിന്ദയെ തുടര്‍ന്ന് കാണ്‍പൂരിലുണ്ടായ സംഘര്‍ഷത്തില്‍ ദേശീയ മാധ്യമങ്ങളുടെ ഇടപെടലിനെ വിമര്‍ശിച്ച് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ.

സംഘര്‍ഷത്തിനിടയില്‍ ദുര്‍ബല സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സാഹചര്യങ്ങള്‍ ചില ദേശീയ വാര്‍ത്ത ചാനലുകള്‍ ബോധപൂര്‍വം സൃഷ്ടിച്ചുവെന്നാണ് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്. ഭരണഘടന മൂല്യങ്ങള്‍ക്കും നിയമവാഴ്ചക്കും ശക്തിപകരേണ്ട മാധ്യമങ്ങളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തില്‍ എഡിറ്റേഴ്സ് ഗില്‍ഡ് പ്രസ്താവനയിലൂടെ ആശങ്ക പ്രകടിപ്പിച്ചു.

സാമുദായിക അന്തരീക്ഷം കലങ്ങിനില്‍ക്കുന്ന സാഹചര്യങ്ങളില്‍ മാധ്യമങ്ങള്‍ എങ്ങനെ പെരുമാറണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശം നിലവിലുണ്ടെങ്കിലും കാണികളുടെ എണ്ണവും അതുവഴി ലാഭവും കൂട്ടാനുള്ള വ്യഗ്രതയിലാണ് ചില ചാനലുകള്‍ പ്രവര്‍ത്തിച്ചതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് കുറ്റപ്പെടുത്തി. ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റം സമുദായങ്ങള്‍ തമ്മിലെ അകലം വര്‍ധിപ്പിക്കുകയും ദേശീയ ചര്‍ച്ചാഗതി പ്രാകൃതമാക്കുകയും ചെയ്തു. വിഭാഗീയവും വിഷലിപ്തവുമായ അഭിപ്രായങ്ങളില്‍ ന്യായീകരണം കണ്ടെത്താന്‍ നടത്തിയ ശ്രമം ഈ ചാനലുകള്‍ വിമര്‍ശനാത്മകമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട എഡിറ്റേഴ്‌സ് ഗില്‍ഡ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മാധ്യമലോകം ജാഗ്രത കാണിക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു.
എഡിറ്റേഴ്സ് ഓഫ് ഇന്ത്യ പ്രസിഡന്റ് സീമ മുസ്തഫ, ജനറല്‍ സെക്രട്ടറി സഞ്ജയ് കപുര്‍, ട്രഷറര്‍ ആനന്ദ് നാഥ് എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞത്.

