

കൊച്ചി: മോഡലുകള്‍ ഉള്‍പ്പടെ മൂന്നുപേര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ടു കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയ് ജോസഫ് വയലാട്ടിനെ പൊലീസ് അറസ്റ്റു ചെയ്തു. അപകടം നടക്കുന്നതിന് മുമ്പ് അന്‍സി കബീറും അഞ്ജന ഷാജനും റോയിയുടെ ഉള്‍പ്പെടെ ഹോട്ടലിലെ ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

ഹോട്ടലില്‍ നടന്ന ഡി ജെ പാര്‍ട്ടിയുടെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് കണ്ടെടുക്കാനായില്ല. റോയിയുടെ നിര്‍ദേശപ്രകാരം സി സി ടി വി ദൃശ്യങ്ങള്‍ നശിപ്പിച്ചോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

തെളിവ് നശിപ്പിച്ചുവെന്ന കേസിലാണ് റോയിയേയും അഞ്ച് ഹോട്ടല്‍ ജീവനക്കാരേയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
മോഡലുകളും സംഘവും പങ്കെടുത്ത ഡി ജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക്കിനായി തേവര കണ്ണങ്കാട്ട് പാലത്തിനടുത്ത് തെരച്ചില്‍ നടത്തിയിരുന്നു. നമ്പര്‍ 18 ഹോട്ടലിലെ ജീവനക്കാരെയും കൂട്ടിയാണ് പൊലീസ് ഹാര്‍ഡ് ഡിസ്‌ക്കിനായി ഇവിടെ തെരച്ചില്‍ നടത്തിയത്.
അതേസമയം മകളുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് അന്‍സിയയുടെ കുടുംബം മുന്നോട്ട് വന്നു. അന്‍സിയും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടര്‍ന്നത് എന്തിനാണെന്ന് അറിയണമെന്നും അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാന്‍ വിപലുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അന്‍സി കബീറിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.
റോയ് ഇതുവരെ പൊലീസിന് കൈമാറാത്ത സി സി ടി വി ദൃശ്യങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. റോയിയുടെ വീട് കണ്ണങ്കാട്ട് പാലത്തിനടുത്താണ്. ഇവിടെ ഉപേക്ഷിച്ചെന്ന നിഗമനത്തിലാണ് പൊലീസ് തെരച്ചില്‍ നടത്തിയത്.

