

ആലുവ: നിലവില്‍ ആലുവയില്‍ കോടതികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായതിനാല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എയുടേയും ആലുവയിലെ ബാര്‍ അസോസിയേഷന്റെയും ശ്രമഫലമായി 37 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ കോടതികള്‍ താത്ക്കാലികമായി പ്രവര്‍ത്തിക്കുന്നതിന് എം എല്‍ എ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടതനുസരിച്ച് ആലുവയിലെ ബി എസ് എന്‍ എല്‍ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള അനുമതി ആഭ്യന്തര വകുപ്പില്‍ നിന്നും ലഭിച്ചിരുന്നു. ആലുവയിലെ മുനിസിഫ് കോടതി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് -I, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് -II, എന്നിവയാണ് ബി എസ് എന്‍ എല്ലിന്റെ കെട്ടിടത്തിലേക്ക് താത്ക്കാലികമായി മാറ്റേണ്ടത്.

ബി എസ് എന്‍ എല്‍ കെട്ടിടത്തില്‍, ജനറല്‍ സിവില്‍, ഇലക്ട്രിക്കല്‍, ഇലട്രോണിക്സ് എന്നീ വിഭാഗത്തില്‍ മെയിന്റനന്‍സ് ജോലികള്‍ നടത്തിയാല്‍ മാത്രമേ കോടതികള്‍ ഇങ്ങോട്ടു മാറ്റി പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിക്കുകയുള്ളു. ഇതിനായി പി ഡബ്ല്യൂ ഡി 38,21700 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ധനകാര്യ വകുപ്പിന്റെ അനുമതിക്കായി അയച്ചിരുന്നു.
ഈ തുക എത്രയും വേഗം അനുവദിക്കണമെന്നു അന്‍വര്‍ സാദത്ത് എം എല്‍ എയും ആലുവ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി എന്‍ ഉണ്ണികൃഷ്ണനും ധനകാര്യവകുപ്പു മന്ത്രി കെ എന്‍ ബാലഗോപാലിനെ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ഓഫീസില്‍ നേരിട്ട് കണ്ടു ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവയിലെ കോടതികള്‍ മാറ്റി സ്ഥാപിക്കുന്നതിന് ബി എസ് എന്‍ എല്‍ കെട്ടിടത്തില്‍ ജനറല്‍ സിവില്‍, ഇലക്ട്രിക്കല്‍, ഇലട്രോണിക്സ് മെയിന്റനന്‍സ് ജോലികള്‍ നടത്തുന്നതിനായി 3821700 രൂപയുടെ ഭരണാനുമതി ആഭ്യന്തര വകുപ്പില്‍ നിന്നും ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.
മെയിന്റനന്‍സിന് അനുമതി ലഭിച്ചതോടെ ജോലികള്‍ പൂര്‍ത്തീകരിച്ച് കോടതികള്‍ ബി എസ് എന്‍ എല്‍ കെട്ടിടത്തിലേക്കു മാറ്റുവാനും പൊളിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറായിട്ടുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുവാനും സാധിക്കുമെന്ന് എം എല്‍ എ അറിയിച്ചു.

