അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയുടെ നാല് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

Web Desk
2 Min Read

കൊച്ചി: സമകാലിക വിഷയങ്ങളോട് പ്രതികരിക്കുന്നതും കക്ഷിരാഷ്ട്രീയത്തിന് അതീതമായ കാഴ്ചപ്പാടും നിലപാടും പുലര്‍ത്തുന്നതും കല്‍പനാചാതുരിയുമാണ് ശ്രീധരന്‍ പിള്ളയുടെ രചനകളുടെ സവിശേഷതയെന്ന് ലോകായുക്തയും സുപ്രിം കോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് സിറിയക് ജോസഫ്. ശ്രീധരന്‍ പിള്ളയുടെ എഴുത്ത് ജീവിതവുമായി ബന്ധപ്പെട്ട് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംഘടിപ്പിച്ച എഴുത്താഴം@182 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ വിജ്ഞാനം പകര്‍ന്നു നല്കുന്നതും അവയുടെ പൊതുസ്വഭാവം ഉത്തേജനം നല്കുകയെന്നതുമാണ്. ധാര്‍മിക പ്രതിസന്ധിയില്‍ ധര്‍മത്തിന്റെയും നീതിയുടേയും ഭാഗത്ത് നില്‍ക്കാതെ നിശബ്ദരാക്കുന്നതും തിന്മയാണ് ചെയ്യുന്നത്. നമ്മുടെ കാര്യത്തിലും ഇത് എപ്രകാരമാണെന്ന് നാം ചിന്തിക്കണം. ഈ സാഹചര്യത്തിലാണ് ആനുകാലിക വിഷയങ്ങളില്‍ ഉള്‍പ്പടെ പ്രതികരിച്ചുകൊണ്ടുള്ള ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങളുടെ പ്രസക്തിയെന്നും സിറിയക് ജോസഫ് പറഞ്ഞു.

ഗോവ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഹരിലാല്‍ ബി മേനോന്‍ അധ്യക്ഷത വഹിച്ചു. അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ശ്രീധരന്‍ പിള്ള രചനകള്‍ നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ശ്രീധരന്‍ പിള്ള രചിച്ച നാല് പുസ്തകങ്ങളുടെ പ്രകാശനം മമ്മൂട്ടി നിര്‍വഹിച്ചു. രാഷ്ട്രീയത്തിനും ജാതി ചിന്തകള്‍ക്കും ഉപരിയായി വ്യക്തി ബന്ധങ്ങള്‍ക്ക് വിലകല്പിക്കുന്ന വ്യക്തിത്വമാണ് ശ്രീധരന്‍ പിള്ളയെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു.

ഒറേഷന്‍ ഓണ്‍ എജ്യുക്കേഷന്‍ എന്ന പുസ്തകം ഹരിലാല്‍ ബി മേനോനും ആന്തോളജി ഓഫ് ഒഫീഷ്യല്‍ അഡ്രസ്സസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്, കഥയില്ലാക്കഥകള്‍ പി ആര്‍ ശിവശങ്കറും ഗോവയുടെ ചരിത്രം ലിപി അക്ബറും ഏറ്റുവാങ്ങി.

ശ്രീധരന്‍ പിള്ളയുടെ വിവിധ പുസ്തകങ്ങള്‍ മുന്‍നിര്‍ത്തി ഗോവ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ എബ്രഹാം മാത്യു, മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി ആസിഫലി, വനിതാ കമ്മീഷന്‍ മുന്‍ അംഗം ഡോ. പ്രമീളാ ദേവി, ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി. രമേശ് എന്നിവര്‍ പ്രഭാഷണം നടത്തി. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ എന്‍ നന്ദകുമാര്‍, മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ്, മാധവന്‍കുട്ടി മട്ടാഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!