

ചെന്നൈ: കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് പി ടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എം എല്‍ എ ആയിരുന്നു.

അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലായിരുന്നു രാവിലെ പത്തേകാലോടെ അന്ത്യം.

പരേതരായ തോമസ് പുതിയപറമ്പിലിന്റേയും അന്നമ്മ തോമസിന്റേയും മകനായി 1950 ഡിസംബര്‍ 12ന് ഇടുക്കിയിലായിരുന്നു ജനനം. ഉമാ തോമസാണ് ഭാര്യ. ഡോ. വിഷ്ണു, നിയമ വിദ്യാര്‍ഥിയായ വിവേക് എന്നിവരാണ് മക്കള്‍.
ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും എല്‍ എല്‍ ബിയും നേടിയ അദ്ദേഹം കെ എസ് യു സംസ്ഥാന പ്രസിഡന്റായിരുന്നു. എന്‍ എസ് യു ദേശീയ എക്‌സിക്യൂട്ടീവ് അംഗം, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, 2007- 09 കാലഘട്ടത്തില്‍ ഇടുക്കി ഡി സി സി പ്രസിഡന്റ്, 2018- 20 വര്‍ഷത്തില്‍ വീക്ഷണം മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററും, 1989ല്‍ ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗം, 2009- 14ല്‍ ഇടുക്കിയെ പ്രതിനിധീകരിച്ച് 15-ാം ലോക്‌സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
സംസ്‌ക്കാരിക സംഘടനയായ മാനവ സംസ്‌കൃതിയുടെ സ്ഥാപക ചെയര്‍മാന്‍, സി പി സ്മാരക ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഇടുക്കി ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം, യുവജന- കായിക വിഭാഗത്തിന് കീഴില്‍ ദേശീയ യുവജന ഉപദേശക ബോര്‍ഡ് ന്യൂഡല്‍ഹി മുന്‍ അംഗം, 1989ല്‍ വെനീസില്‍ നടന്ന അന്താരാഷ്ട്ര യൂത്ത് ഫെസ്റ്റിവല്‍ ഇന്ത്യന്‍ ടീം നേതൃത്വം തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിരുന്നു.
മലയാള മനോരമ അഖില കേരള ബാലജനസഖ്യം മികച്ച പ്രാസംഗികന്‍, കെ എസ് യു പ്രസിദ്ധീകരണം കലാശാല മുന്‍ എഡിറ്റര്‍, സാംസ്‌ക്കാരിക പ്രസിദ്ധീകരണം ചെപ്പിന്റെ മുന്‍ എഡിറ്റര്‍, ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിദ്ധീകരണം വര്‍ണിക മുന്‍ സംഘാടകന്‍, മാനവസംസ്‌കൃതി പ്രസിദ്ധീകരണം പബ്ലിഷറും ചീഫ് എഡിറ്ററും, എ ഡി ബിയും പ്രത്യയശാസ്ത്ര ശാഠ്യങ്ങളും, വലിച്ചെറിയാത്ത വാക്കുകള്‍ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി ശ്രീനാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങളഉം ജീവചരിത്രവും വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്ന പദ്ധതിക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്.
മികച്ച എം എല്‍ എയ്ക്കുള്ള അബൂദാബി വീക്ഷണം ഫോറത്തിന്റെ സി പി ശ്രീധരന്‍ പുരസ്‌ക്കാരം, സി എം സ്റ്റീഫന്‍ കള്‍ച്ചറല്‍ ഫോറം കുവൈത്ത് പുരസ്‌ക്കാരം എന്നിവ നേടിയ അദ്ദേഹം ഹൈക്കോടതി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു.

