എന്‍ ഐ ടിയില്‍ നിന്ന് വീണ്ടും വാര്‍ത്തകളുണ്ട്; മലയാളി വിദ്യാര്‍ഥികള്‍ പടിക്കു പുറത്ത്

Web Desk
3 Min Read

കോഴിക്കോട്: നാലില്‍ മൂന്നും മലയാളി വിദ്യാര്‍ഥികള്‍ ഉള്ള കോഴിക്കോട് എന്‍ ഐ ടിയിലെ വിദ്യാര്‍ഥികളുടെ ഔദ്യോഗിക കൂട്ടായ്മയില്‍ നിന്നും മലയാളി വിദ്യാര്‍ഥികള്‍ പടിക്കു പുറത്ത്. എന്‍ ഐ ടി അധികൃതരുടെ ഒത്താശയോടെ സ്പീക്കര്‍ അടക്കം 10 അംഗ വിദ്യാര്‍ഥി ഗവേണിങ് ബോഡിയില്‍ ജനറല്‍ സെക്രട്ടറി അടക്കം അഞ്ച് സെക്രട്ടറി സ്ഥാനവും മലയാളി ഇതര വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്താണ് അധികൃതര്‍ മലയാളി വിദ്യാര്‍ഥികളെ ഔദ്യോഗിക വിദ്യാര്‍ഥി കൂട്ടായ്മയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നത്.

city exchange

നാളെ തിങ്കളാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇതോടെ പ്രധാന സ്ഥാനങ്ങളിലേക്ക് നോമിനേഷന്‍ പോലും നല്‍കാന്‍ കഴിയാത്തത് മലയാളി വിദ്യാര്‍ഥികളില്‍ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. അധികൃതരുടെ തെറ്റായ നിലപാട് മൂലം മലയാളി ഇതര വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത പി എച്ച് ഡി അക്കാദമിക് വിഭാഗത്തില്‍ ആരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക പോലും ചെയ്തിട്ടില്ല. കള്‍ച്ചറല്‍, ടെക്‌നിക്കല്‍, സ്‌പോര്‍ട്‌സ്, പി ജി അക്കാദമിക് സ്ഥാനങ്ങളില്‍ മാത്രമേ പുതിയ തീരുമാനം അനുസരിച്ച് മലയാളി വിദ്യാര്‍ഥികള്‍ക്ക് മത്സരിക്കാന്‍ കഴിയുകയുള്ളൂ. പുതിയ നിബന്ധന അനുസരിച്ച് ജനറല്‍ സെക്രട്ടറി, ഫിനാന്‍സ്, ഹോസ്റ്റല്‍ തുടങ്ങി അഞ്ച് സ്ഥാനങ്ങളിലേക്കും മലയാളി വിദ്യാര്‍ഥികള്‍ക്ക് മത്സരിക്കാന്‍ കഴിയുകയില്ല.

നേരത്തെ സ്പീക്കറും 13 സെക്രട്ടറിമാരും ഉണ്ടായിരുന്ന സ്റ്റുഡന്റ്‌സ് അഫയോഴ്‌സ് കൗണ്‍സില്‍ ഭേദഗതി ചെയ്ത് 21 അംഗ ഗവേണിങ് ബോഡി ആണ് പുതുതായി രൂപീകരിച്ചത്. ഇതില്‍ 10 വിദ്യാര്‍ഥി പ്രതിനിധികളും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം നോമിനേറ്റ് ചെയ്യുന്ന 11 ഫാക്കല്‍റ്റി പ്രതിനിധികളെയും ആണ് ഉള്‍പ്പെടുത്തിയത്. 10 അംഗ വിദ്യാര്‍ഥി പ്രതിനിധികളില്‍ 9 സെക്രട്ടറിമാരും സ്പീക്കറും ആണ് ഉള്‍പ്പെടുത്തിയത്. തത്വത്തില്‍ എന്‍ ഐ ടി വിദ്യാര്‍ഥികളുടെ ജനാധിപത്യ വേദിയായ ഗവേണിങ് ബോഡിയില്‍ പോലും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന് താത്പര്യമുള്ള, നാമനിര്‍ദേശം ചെയ്യുന്നവര്‍ക്ക് ആയിരിക്കും ഭൂരിപക്ഷം. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വിരുദ്ധ നിലപാട് പലപ്പോഴും വിദ്യാര്‍ഥികളുടെ ഔദ്യോഗിക ബോഡിയായ സ്റ്റുഡന്റ്‌സ് അഫയേഴ്‌സ് കൗണ്‍സിലിന്റെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്.

വിദ്യാര്‍ഥികളുമയി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുന്‍പു നടന്ന സമരവും അധികൃതരെ വഴി തടയല്‍ അടക്കം നടത്തിയിരുന്നു. കഴിഞ്ഞ തവണ സ്റ്റുഡന്റ്‌സ് അഫയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ആയിരുന്ന വിദ്യാര്‍ഥിയുടെ പേരില്‍ വന്‍ തുക പിഴ ചുമത്തി കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ മാറ്റി നിര്‍ത്തിയത് ഹൈക്കോടതി ഇടപെടലിനും വിവാദങ്ങള്‍ക്കും ഇടയായതിനെ തുടര്‍ന്ന് അധികൃതര്‍ക്ക് പിന്നീട് വിദ്യാര്‍ഥിയെ ചടങ്ങില്‍ പങ്കെടുപ്പിക്കേണ്ടിയും വന്നു. ഭരണ വിഭാഗത്തിന്റെ നിലപാടിന് അനുസരിച്ച് വിദ്യാര്‍ഥികള്‍ വഴങ്ങാതെ വന്നതോടെ ആണ് വിദ്യാര്‍ഥികളുടെ ഔദ്യോഗിക കൂട്ടായ്മ പോലും തകര്‍ക്കുക എന്ന ലക്ഷ്യവുമായി അധികൃതര്‍ നീങ്ങിയത്.

- Advertisement -
Ad image

കഴിഞ്ഞ വര്‍ഷം ആണ് സെനറ്റില്‍ സ്റ്റുഡന്റ്‌സ് അഫയേഴ്‌സ് കൗണ്‍സില്‍ പുനസംഘടിപ്പിക്കാന്‍ തീരുമാനം എടുത്തത്. വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തില്‍ നടത്തിയിരുന്ന രാജ്യത്തെ പ്രമുഖ ടെക്‌നക്കല്‍ ഫെസ്റ്റ് ആയ തത്വ, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കലോത്സവം ആയ രാഗത്തിനും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത് വിദ്യാര്‍ഥികള്‍ക്ക് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നു. ഇത് വന്‍ പ്രതിഷധത്തിനും കാരണമായിരുന്നു.

റജിസ്ട്രാറുടെ അടുപ്പക്കാരായ മലയാളി ഇതര അധ്യാപകര്‍ക്ക് അടുത്ത കാലത്ത് വിവിധ ഡീന്‍മാരുടെ ചുമതലയും പ്രധാന പോസ്റ്റുകളും നല്‍കിയത് വിദ്യാര്‍ഥികളെ അടിച്ചമര്‍ത്താന്‍ വേണ്ടിയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ക്യാംപസില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കി മുതലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ ഭാഗത്ത് നിന്നും നിരന്തരം ഇത്തരം നീക്കങ്ങള്‍ എന്നാണ് ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും ആരോപിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!