

ന്യൂഡല്‍ഹി: കേരളത്തിന് അനുവദിച്ച ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലെ കൊരട്ടിയിലുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രസ്സിന്റെ സ്ഥലത്ത് സ്ഥാപിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍ഷുക്ക് മാണ്ഡവിയയെ ബെന്നി ബഹനാന്‍ എം പി നേരില്‍ കണ്ട് ആവശ്യപ്പെട്ടു.

പ്രവര്‍ത്തനം നിര്‍ത്തിയ കൊരട്ടി കേന്ദ്ര സര്‍ക്കാര്‍ പ്രസ്സിന്റെ അധീനതയിലുള്ള നൂറേക്കര്‍ സ്ഥലം, സര്‍ക്കാര്‍ ത്വക് രോഗാശുപത്രിയുടെ 100 ഏക്കര്‍ സ്ഥലം, പ്രവര്‍ത്തനം നിര്‍ത്തിയ മധുര കോട്ട്സ്സ് കമ്പനിയുടെ 100 ഏക്കര്‍ എന്നിവയുള്‍പ്പെടെ ദേശീയ പാത 544നോട് ചേര്‍ന്ന് കിടക്കുന്ന 300 ഏക്കര്‍ സ്ഥലമാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനായി എം പി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നിര്‍ദിഷ്ട സ്ഥലത്ത് നിന്ന് 15 കിലോമീറ്ററും അങ്കമാലി, ചാലക്കുടി റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ഏഴ് കിലോമീറ്ററുമാണുള്ളത്. ദേശീയ പാത, അന്താരാഷ്ട്ര വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവയുടെ സാമീപ്യം നിര്‍ദിഷ്ട സ്ഥലത്തിന്റെ വാണിജ്യമൂല്യം ഉയര്‍ത്തുന്നതിനൊപ്പം ജനങ്ങള്‍ക്ക് ഏറ്റവും എളുപ്പം എത്തിച്ചേരാനുള്ള സാഹചര്യവും ഒരുക്കുന്നു.
ഇക്കാര്യങ്ങള്‍ പരിഗണിച്ച് കേരളത്തിന് അനുവദിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ കൊരട്ടിയില്‍ സ്ഥാപിക്കണമെന്ന് ബെന്നി ബഹനാന്‍ എം പി മന്ത്രിയോടാവശ്യപ്പെട്ടു.

