

ദോഹ: അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ കാണികള്‍ക്ക് സ്പാനിഷ് മസാല ചേര്‍ത്ത ചായയും കോസ്റ്റാറിക്കയ്ക്ക് സ്‌പെയിനിലെ തക്കാളിയേറ് മഹോത്സവവും. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയതിന് പുറമേ കോസ്റ്റാറിക്കന്‍ വലയിലേക്ക് ഏഴ് ഗോളുകള്‍ വാരിയെറിഞ്ഞും സ്‌പെയിന്‍ ആഘോഷിച്ചപ്പോള്‍ നാണക്കേടിന്റെ കുഴിയില്‍ പതിച്ച് ഒരു ഗോളുപോലുമില്ലാതെ കോസ്റ്റാറിക്ക ആദ്യ കളി പൂര്‍ത്തിയാക്കി.

ഏകപക്ഷീയമായ മത്സരത്തില്‍ സ്‌പെയിനിലെ ആറു താരങ്ങളാണ് ഗോളടിച്ചത്. ലോകകപ്പിന്റെ ചരിത്രത്തില്‍ സ്‌പെയിന്‍ നേടുന്ന ഏറ്റവും വലിയ വിജയം കൂടിയായി കോസ്റ്റാറിക്കക്കെതിരെയുള്ള മത്സരം. 1986ല്‍ ഡെന്മാര്‍ക്കിനെതിരെ അഞ്ച് ഗോളും 1998ല്‍ ബള്‍ഗേറിയക്കെതിരെ ആറു ഗോളും നേടിയിരുന്നു. എന്നാല്‍ രണ്ടു കളികളിലും എതിരാളികള്‍ ഓരോ ഗോളുകള്‍ തിരിച്ചടിച്ചിരുന്നു.

11-ാം മിനുട്ടില്‍ ഡാനി ഓല്‍മോ, 21-ാം മിനുട്ടില്‍ മാര്‍ക്കോ അസെന്‍സിയോ, 31, 54 മിനുട്ടുകളില്‍ ഫെറാന്‍ ടോറസ്, 74ല്‍ ഗാവി, 90ല്‍ കാര്‍ലോസ് സോളര്‍, 90+2ല്‍ അല്‍വാരോ മൊറാട്ട എന്നിവര്‍ സ്പാനിഷ് പടയ്ക്ക് മികച്ച വിജയമൊരുക്കിയവരായി.
ഖത്തര്‍ ലോകകപ്പില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ടീമും സ്‌പെയിനായി. ഇറാനെതിരെ ആറു ഗോളുകള്‍ നേടിയ ഇംഗ്ലണ്ടാണ് സ്‌പെയിനിന് പിന്നിലായത്. ഇറാന്‍ മാനം കാക്കാന്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ചെങ്കിലും കോസ്റ്റാറിക്കയ്ക്ക് ‘പൂജ്യ’രായി മടങ്ങേണ്ടി വന്നു.
മികച്ച പാസുകളുമായി മുന്നേറിയ സ്‌പെയിന്‍ കളിയുടെ മുഴുവന്‍ സമയവും തങ്ങളില്‍ മാത്രം കാണികളുടെ ശ്രദ്ധ നിലനിര്‍ത്തി.

