ക്വാട്ടേഴ്‌സ് ഒഴിയാന്‍ നോട്ടീസ്; അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി എയര്‍ ഇന്ത്യ യൂണിയനുകള്‍

Web Desk
2 Min Read

മുംബൈ: ആറു മാസത്തിനകം ക്വാട്ടേഴ്‌സുകള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്കിയ എയര്‍ ഇന്ത്യക്കെതിരെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് യൂണിയനുകള്‍. നവംബര്‍ രണ്ടു മുതല്‍ പണിമുടക്കുമെന്നാണ് ഗ്രൗണ്ട് സ്റ്റാഫും സര്‍വീസ് എന്‍ജിനിയര്‍മാരും അറിയിച്ചത്. ഭൂരിഭാഗം ജീവനക്കാരേയും പ്രതിനിധീകരിക്കുന്ന മൂന്നു യൂണിയനുകളും പണിമുടക്കിന് ആഹ്വാനം നല്കിയിട്ടുണ്ട്. ജീവനക്കാര്‍ വിരമിക്കുന്നതുവരെ റസിഡന്‍ഷ്യല്‍ ക്വാട്ടേഴ്‌സ് ഉപയോഗിക്കാന്‍ എയര്‍ലൈന്‍ അനുവദിക്കണമെന്നാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്.

city exchange

എയര്‍ ഇന്ത്യ സ്വകാര്യ എയര്‍ലൈനായി ടാറ്റയുടെ കീഴില്‍ ടുത്ത വര്‍ഷമാണ് പ്രവര്‍ത്തനം തുടങ്ങുമെന്ന് കരുതുന്നത്. ഒക്ടോബര്‍ അഞ്ചിന് നല്കിയ നോട്ടീസ് പ്രകാരം ആറു മാസത്തിനുള്ളില്‍ ക്വാട്ടേഴ്‌സ് ഒഴിയുമെന്ന കരാറില്‍ ഒപ്പിടാന്‍ എയര്‍ ഇന്ത്യ ജീവനക്കാരോട് ആവശ്യപ്പെടുന്നു.

പണിമുടക്കുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ യൂണിയനുകളുടെ സംയുക്ത ആക്ഷന്‍ കമ്മിറ്റി റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ സമര നോട്ടീസ് നല്കി. സാന്താക്രൂസിലെ കലിനയില്‍ 184 ഏക്കര്‍ എയര്‍ ഇന്ത്യ കോളനിയില്‍ ഏഴായിരത്തിലേറെ ജീവനക്കാരാണ് താമസിക്കുന്നത്. കോളനികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എയര്‍ ഇന്ത്യയ്ക്ക് സ്ഥിരമായി പാട്ടത്തിന് നല്കിയിട്ടുണ്ടെന്നാണ് തൊഴിലാളി യൂണിയനുകള്‍ ലേബര്‍ കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഭൂമിയുടെ ഉടമസ്ഥരെന്നും മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പാട്ടത്തിനെടുത്ത അദാനി ഗ്രൂപ്പിന് ഇതില്‍ അവകാശമില്ലെന്നും അതുകൊണ്ടുതന്നെ ഭൂമി കൈമാറേണ്ടതില്ലെന്നും കത്തില്‍ വിശദീകരിക്കുന്നു.

- Advertisement -
Ad image

എയര്‍പോര്‍ട്ട് ഭൂമിയില്‍ നോട്ടീസുകള്‍ ലഭിക്കാത്ത നിരവധി ചേരികളുണ്ടെന്നും മഹാരാഷ്ട്ര സര്‍ക്കാറിനാണ് ഭൂമിയുടെ ഉടമസ്ഥാവകാശമെന്നും പറയുന്ന കത്തില്‍ ഭൂമി കൈമാറ്റത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്നും വിശദീകരിക്കുന്നു.

ജീവനക്കാരോട് കോളനികളിലെ വീടുകള്‍ ഒഴിയാന്‍ ആവശ്യപ്പെടുന്ന മാനേജ്‌മെന്റിന് നിയപരമായ അവകാശമുണ്ടെങ്കില്‍ ജീവനക്കാരില്‍ നിന്നും ഇവ ഏറ്റെടുക്കേണ്ട ആവശ്യമെന്താണന്നും കത്തില്‍ ചോദ്യം ഉന്നയിക്കുന്നു. നിയമത്തെ ബാധിക്കുന്ന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്താനാണ് ശ്രമിക്കുന്നതെന്നും സ്റ്റാഫ് ക്വാട്ടേഴ്‌സ് നല്കുന്നത് മുംബൈയില്‍ വീടോ എച്ച് ആര്‍ എയോ നല്കാത്ത ജീവനക്കാര്‍ക്കാണെന്നും കത്തില്‍ പറയുന്നു. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സേവന- നിയമ വ്യവസ്ഥ പ്രകാരം താമസത്തിന് നിയമപരമായ അവകാശമുണ്ടെന്നും കത്തില്‍ പറയുന്നു.

മുംബൈ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച് ഒരു പതിറ്റാണ്ടിന് ശേഷം 1956ലാണ് എയര്‍ലൈന്‍ കോളനിയിലെ ആദ്യത്തെ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടത്.

Share This Article
Leave a Comment
error: Content is protected !!