

പെരുമ്പാവൂര്‍: യുവതി ഓടിച്ചു വന്ന സ്‌കൂട്ടറിനെ മോട്ടോര്‍ സൈക്കിളില്‍ പിന്തുടര്‍ന്ന് ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയും രക്ഷപ്പെട്ട യുവതിയെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും ചെയ്തയാള്‍ പിടിയില്‍. പിറവം സ്വദേശി ജോബിന്‍ പോള്‍ റെജിയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസിന്റെ പിടിയിലായത്.

ഒക്ടോബര്‍ 13നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജോബിന്‍ പോള്‍ റെജിയോടൊപ്പം ലിവിംഗ് ടുഗതറായിരുന്ന യുവതി ഇയാളുടെ ഉപദ്രവത്തെ തുടര്‍ന്ന് വീടുവിട്ട് പോവുകയായിരുന്നുവത്രെ. തുടര്‍ന്ന് ആവശ്യപ്പെട്ടെങ്കിലും കൂടെ ചെല്ലാതിരുന്നതിനെ തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ ജോബിനെ ഇന്‍ഫോപാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ സന്തോഷ് ടി ആര്‍, സബ് ഇന്‍സ്‌പെക്ടര്‍ സാജു എന്നിവരുടെ നേതൃത്വത്തില്‍ എസ് സി പി ഒ മുരളി, സി പി ഒമാരായ ജയകുമാര്‍, സുജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

മയക്കുമരുന്ന് കേസ് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ മുമ്പും ജോബിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

