
അലഹബാദ്: പശുവിന് മൗലികാവകാശങ്ങള്‍ നല്‍കാനും ദേശീയ മൃഗമായി പ്രഖ്യാപിക്കാനും യു പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്. ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് വിധി പറയവെയാണ് അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശം.


പശു ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും ദേശീയ മൃഗമായി പ്രഖ്യാപിക്കപ്പെടേണ്ടതാണെന്നും കോടതി പറഞ്ഞു. പശുവിന് അപകടംവരുന്ന വിധത്തില്‍ സംസാരിക്കുന്നവരെ ശിക്ഷിക്കാന്‍ കടുത്ത നിയമങ്ങള്‍ കൊണ്ടുവരണമെന്നും ശേഖര്‍ കുമാര്‍ യാദവ് ആവശ്യപ്പെട്ടു. പശു സംരക്ഷണ പ്രവര്‍ത്തനം ഒരു മതവിഭാഗത്തിന്റേത് മാത്രമല്ലെന്നും പശു ഇന്ത്യയുടെ സംസ്കാരമാണെന്നും സംസ്കാരം സംരക്ഷിക്കുന്ന ജോലി രാജ്യത്ത് ജീവിക്കുന്ന ഓരോ പൗരന്റെതാണെന്നും കോടതി പറഞ്ഞു.

