

ആലുവ: ആലുവയിലെ പുതിയ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് ഉദ്ഘാടനത്തിന് തയ്യാറായപ്പോള്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത് 2016ല്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന സി പി എമ്മിന്റെ വി സലീമിനെ തോല്‍പിച്ചതു മുതലുള്ള നിരാശയാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുമുതല്‍ സി പി എമ്മിന്റെ നേതാവായ വി സലീം ആലുവയുടെ വികസനത്തിന് വിലങ്ങുതടിയായി പ്രസ്താവനകള്‍ ഇറക്കിയും എതിര്‍ പ്രവര്‍ത്തികള്‍ നടത്തിയും ആത്മസംതൃപ്തി അടയുകയാണെന്നും എം എല്‍ എ കുറ്റപ്പെടുത്തി. ഇക്കാര്യം ആലുവക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

പുതിയ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്റെ നിര്‍മ്മാണം രാഷ്ടീയ ഇടപെടലിലൂടെ ഇത്രയും വൈകിപ്പിച്ചതില്‍ ഈ നേതാവിന് പ്രധാന പങ്കുണ്ടെന്ന് എം എല്‍ എ പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുക്കാത്ത പരിപാടിയില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ ഫോട്ടോ നോട്ടീസില്‍ വെയ്‌ക്കേണ്ടതില്ല. ജില്ലയിലെ സര്‍ക്കാര്‍ പരിപാടികളില്‍ ജില്ലയുടെ ചാര്‍ജ്ജ് ഉള്ള മന്ത്രിയെ ഉള്‍പ്പെടുത്തണമെന്നും പ്രോട്ടോക്കോള്‍ ഇല്ല. അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്നു തോന്നുന്നില്ലെന്നാണ് മനസ്സിലാക്കിയത്. മന്ത്രിയുടെ ശ്രദ്ധ നേടാന്‍ വേണ്ടിയുള്ള പ്രസ്താവനയായി മാത്രമേ ഇതിനെ കാണുവാന്‍ സാധിക്കു.
കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്‍ ഉദ്ഘാട പരിപാടിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ വച്ച് മന്ത്രി പി എ മുഹമ്മദ് റിയാസിനെ അന്‍വര്‍ സാദത്ത് എം എല്‍ എ നേരിട്ട് ക്ഷണിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സമയക്കുറവുമൂലമാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയില്ലെന്ന് അറിയിച്ചത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടന ചടങ്ങില്‍ ഉള്‍പ്പെടാതിരുന്നത് ഇക്കാരണം കൊണ്ടാണെന്നും എം എല്‍ എ പറഞ്ഞു.
പ്രോട്ടോക്കോളിന്റെയും മറ്റു കാര്യങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മയാണ് വിലകുറഞ്ഞ പ്രസ്താവനകള്‍ ഇറക്കുന്നതിന് പിന്നിലെന്നും ആരോപണങ്ങളില്‍ യാതൊരു വിധ കഴമ്പും ഇല്ലെന്നും ആലുവയിലെ ജനങ്ങള്‍ ഈ പ്രസ്താവനയെ പുഛിച്ചുതള്ളുമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.
ആലുവ കെ എസ് ആര്‍ ടി സി. ബസ്സ് സ്റ്റേഷന്റെ തുടര്‍ വികസനത്തിനായി 35 സെന്റോളം സ്ഥലം മുന്‍ ഭാഗത്തായി മാറ്റി വച്ചിട്ടുള്ളതാണ്. ഈ സ്ഥലം ഉപയോഗിച്ച് വരുമാനം ഉണ്ടാക്കുവാന്‍ സാധിക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള പുതിയ പ്രൊജക്ടുകള്‍ ഭാവിയില്‍ നടപ്പിലാക്കുവാന്‍ സാധിക്കുമെന്നും വാണിജ്യാടിസ്ഥാനത്തിലുള്ള പുതിയ പ്രൊജക്ടുകള്‍ നടപ്പിലാക്കുന്ന കാര്യം കെ എസ് ആര്‍ ടി സിയുടെ പരിഗണനയിലുണ്ടെന്നും എം എല്‍ എ പറഞ്ഞു.

