

ആലുവ: ആലുവ കെ എസ് ആര് ടി സി ബസ്സ് സ്റ്റാന്‍ഡിന്റെ നവീകരണത്തിനായി അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടു ഘട്ടമായി 8 കോടി 64 ലക്ഷം രൂപ അനുവദിച്ച് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. മൂന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം 5,92,68,367 രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.

മൂന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനത്തില്‍ കെ എസ് ആര് ടി സിയുടെ യാര്‍ഡ് 82000 ചതുരശ്ര അടി ഇന്റര്‍ ലോക്കിങ്ങ് ടൈല്‍ വിരിക്കല്‍, ഇ ടി പി ടാങ്ക്, പമ്പ് റൂം എന്നിവയുടെ നിര്‍മ്മാണം, കാനകളുടേയും സംരക്ഷണ ഭിത്തികളുടേയും നിര്‍മ്മാണം, ഫുട്പാത്തിന്റെയും വെയിറ്റിംഗ് ഷെഡുകളുടേയും നിര്‍മ്മാണം, യാര്‍ഡിന്റെ വൈദ്യുതീകരണം എന്നിവ നടക്കും.

ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ, നഗരസഭാധ്യക്ഷന്‍ എം ഒ ജോണ്‍ എന്നിവര്‍ പണി തീരാത്തതിന് കാരണം കെ എസ് ആര് ടി സിയുടെ കെടുകാര്യസ്ഥതയാണെന്ന് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള ശക്തമായ പ്രതിഷേധവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ യോഗത്തില്‍ അറിയിച്ചു. ഇതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ഉത്തരവാദിത്വം കെ എസ് ആര് ടി സി ഉദ്യോഗസ്ഥര്‍ക്കു മാത്രമാണെന്നും ഇരുവരും കുറ്റപ്പെടുത്തി.
പൂതിയ ടെണ്ടര്‍ അനുസരിച്ച് കോണ്‍ട്രാക്ടിന്റെ പദ്ധതി പൂര്‍ത്തീകരണ കാലാവധി ആറുമാസമാണെങ്കിലും അത്രയും നാള് നീട്ടികൊണ്ടുപോകുവാന്‍ സാധ്യമല്ലെന്ന് എം എല്‍ എയും ചെയര്‍മാനും യോഗത്തില്‍ ആവശ്യപ്പെട്ടതനുസരിച്ച് ജൂണ്‍ 20ന് മൂന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച് നവംബര്‍ 30ന് പൂര്‍ത്തിയാക്കുമെന്ന് യോഗത്തില്‍ പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥരും കെ എസ് ആര് ടി സി ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടറും ഉറപ്പു നല്കി.
ഈ വര്‍ഷം നവംബര്‍ 30ന് പണികള്‍ തീര്‍ത്ത് ഡിസംബര്‍ ആദ്യവാരം ഉദ്ഘാടനം നടത്തണമെന്നാണ് യോഗം തീരുമാനിച്ചു. നവംബര്‍ 30ന് നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കില്‍ എം എല്‍ എയും ചെയര്‍മാനും പൊതുജന സഹകരണത്തോടെ കെ എസ് ആര് ടി സി ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പുള്പ്പെടെയുള്ള സമര പരിപാടികള്‍ നടത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു.
യോഗത്തില്‍ മുനിസിപ്പല്‍ ചെയര്മാന് എം ഒ ജോണ്‍, വാര്‍ഡ് കൗണ്‍സിലര്‍ പി പി ജെയിംസ്, പി ഡബ്ല്യൂ ഡി സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ബീന, കെ എസ് ആര് ടി സി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാലവിനായകന്‍, കെ എസ് ആര് ടി സി സോണല്‍ ഓഫീസര്‍ സെബി കെ ടി, പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അലിയാര്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിനു കെ ആര്, അസിസ്റ്റന്റ് എഞ്ചിനീയര്‍ അസീം, എ ടി ഒ ജയകുമാര്‍ കെ ജി, മറ്റു ഉദ്യോഗസ്ഥര്‍, യൂണിയന് പ്രതിനിധികള്‍, കോണ്ട്രാക്ടര് നിയാസ് എന്നിവര്‍ പങ്കെടുത്തു.

