

ആലുവ: നവീകരിച്ച ആലുവ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ ആന്റ് പാസഞ്ചര്‍ അമിനിറ്റി സെന്റര്‍ ഉദ്ഘാടനം ഫെബ്രുവരി 10ന് വൈകിട്ട് അഞ്ചിന്. അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടു ഘട്ടമായി 8 കോടി 64 ലക്ഷം രൂപ അനുവദിച്ചാണ് കെ എസ് ആര്‍ ടി ബസ് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗതാഗത വകുപ്പ് മന്ത്രി ബി ഗണേഷ് കുമാര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

ഉദ്ഘാടന ചടങ്ങില്‍ എം പിമാരായ ബെന്നി ബഹനാന്‍, ജെബി മേത്തര്‍ എന്നിവര്‍ മുഖ്യാതിഥികളായും മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യനേതാക്കള്‍ എന്നിവരും പങ്കെടുക്കുമെന്ന് എം എല്‍ എ പറഞ്ഞു.

പൊളിച്ചു മാറ്റിയ പഴയ കെട്ടിടങ്ങള്‍ക്കുപകരമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനുവദിച്ച 5 കോടി 89 ലക്ഷം ഉപയോഗിച്ച് ഗ്രൗണ്ട് ഫ്‌ളോറില്‍ 18520 ചതുരശ്ര അടി, ഒന്നാം നിലയില്‍ 11635 ചതുരശ്ര അടി എന്നിങ്ങനെ മൊത്തം 30155 ചതുരശ്ര അടിയില്‍ രണ്ടു നിലയിലായാണ് പണി പൂര്‍ത്തിയാക്കിയത്. ബസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ ടിക്കറ്റ് കൗണ്ടര്‍, സ്റ്റേഷന്‍ ഓഫീസ്, പൊലീസ് എയ്ഡ് പോസ്റ്റ്, ആറ് സ്റ്റാളുകള്‍, 170 സീറ്റുകളുള്ള വെയിറ്റിങ്ങ് ഏരിയ, കാന്റീന്‍, നാല് ടോയ്ലറ്റുകള്‍, എട്ട് യൂറിനുകള്‍, മൂന്ന് വാഷ് ബെയ്സിനുകള്‍ അടങ്ങിയ ജെന്റ്‌സ് വെയിറ്റിങ്ങ് റൂം, നാല് ടോയ്ലറ്റുകള്‍, മൂന്ന് വാഷ് ബെയ്സിന്‍ അടങ്ങിയ ലേഡീസ് വെയിറ്റിങ്ങ് റൂം എന്നിവയും അംഗപരിമിതര്‍ക്കുള്ള രണ്ട് ടോയ്ലറ്റുകളും ഉണ്ട്.
ഒന്നാം നിലയില്‍ അഞ്ച് ഓഫീസ് റൂം, 43 സീറ്റുള്ള വെയിറ്റിങ്ങ് ഏരിയ, നാല് ടോയ്ലറ്റുകള്‍, നാല് യൂറിനുകള്‍ ഉള്ള ജെന്റ്‌സ് വെയിറ്റിങ്ങ് റൂം, നാല് ടോയ്ലറ്റുകള്‍ ഉള്ള ലേഡീസ് വെയിറ്റിങ്ങ് റൂം, അംഗപരിമിതര്‍ക്കുള്ള ഒരു ടോയ്ലറ്റ് എന്നിവയുമാണുള്ളത്.
ഒന്നാം നിലയിലേക്ക് കയറുവാന്‍ രണ്ടു ലിഫ്റ്റുകളും മൂന്ന് സ്റ്റെയര്‍ കേസുകളും അഗ്നിശമന സാമഗ്രികളും ക്രിമീകരിച്ചിട്ടുണ്ട്. മുന്‍ഭാഗത്ത് 18 ബസ്സ് ബേകളടക്കം 30 ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഇരുചക്ര വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ്ങ് ഏരിയയും പുതിയ ബസ്സ് സ്റ്റേഷനില്‍ ഉണ്ട്.
പദ്ധതിയോടനുബന്ധിച്ച് ആധുനിക ബസ് സ്റ്റേഷനുകള്‍ക്ക് വളരെ അനിവാര്യമായ മലിനജലം ശുദ്ധീകരിക്കാന്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഡീസല്‍/ ഓയില്‍ കലര്‍ന്ന വെള്ളം ശുദ്ധീകരിക്കുവാന്‍ എഫ്ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഇതിനാവശ്യമായ അണ്ടര്‍ ഗ്രൗണ്ട് ടാങ്ക്, വെള്ളം ഒഴുകി പോകുന്നതിനുള്ള ഡ്രൈവ് വേ വിത്ത് ഡ്രെയിന്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു രണ്ടാംഘട്ട നിര്‍മ്മാണത്തിനായി എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടു കോടി 75 ലക്ഷം രൂപ കൂടി അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടുഘട്ടമായി മൊത്തം എട്ടു കോടി 64 ലക്ഷം രൂപ അനുവദിച്ചാണ് പുതിയ ബസ് സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ബസ്് സ്റ്റാന്‍ഡിന്റെ മൊത്തം യാര്‍ഡ് ഡവലപ്പ്‌മെന്റ് പദ്ധതിയില്‍ 64500 ചതുരശ്ര അടി ടൈല്‍ വിരിക്കുവാനും അതുപോലെ പഴയ ഡീസല്‍ പമ്പ് മാറ്റി സ്ഥാപിക്കുന്നതിനുമായി കെ എസ് ആര്‍ ടി സിയുടെ തനതു ഫണ്ടില്‍ നിന്നും അഞ്ചു കോടി 92 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ മുഴുവന്‍ സ്ഥലത്തും ടൈല്‍ വിരിച്ച് ഭംഗിയാക്കുന്ന പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് എം എല്‍ എ അറിയിച്ചു.

