

ദോഹ: സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭരണകൂടങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ യു എ പി എ ഉള്‍പ്പെടെയുള്ളവ ചുമത്തുന്ന രീതി അപലപിക്കപ്പെടേണ്ടതാണെന്ന് എ എം ആരിഫ് എം പി പറഞ്ഞു. പ്രവാസി വായന കാമ്പയിനിന്റെ ഭാഗമായി നടത്തിയ സാംസ്‌ക്കാരിക സംഗമത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ അനിവാര്യമോ എന്ന വിഷയത്തില്‍ സൂം മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ആരെക്കുറിച്ചും എന്തും പറയാമെന്ന അവസ്ഥയുണ്ടാകാന്‍ പാടില്ല. ഓരോ രാജ്യത്തേയും ഭരണകൂടങ്ങള്‍ ഫാക്ട് ചെക്കിംഗ് ഉണ്ടാകണമെന്ന കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട്. പുതിയ കുട്ടികളുടെ തലമുറ അപകടക്കെണിയില്‍ അകപ്പെടാതിരിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടത്തിന്റെ ഭീകര മുഖങ്ങള്‍ തുറന്നുകാട്ടുന്നവരെ ശിക്ഷിക്കുകയാണ്. ഭരണകൂടങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഭരണഘടനയിലോ കോടതി വിധികളിലോ പറഞ്ഞിട്ടില്ലെങ്കിലും ഇപ്പോഴത് നടപ്പാക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥ് പ്രസംഗിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല വിഷയം അവതരിപ്പിച്ചു.

പാലൊളി അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി എഫ് പ്രസിഡന്റ് അബ്ദുറസാഖ് പറവണ്ണ, നൗഷാദ് അതിരുമട, ഉമര്‍ കെ പി എന്നിവര്‍ പ്രസംഗിച്ചു.

