

റിയാദ്: ഫിഫ ലോകകപ്പ് മികച്ച രീതിയില്‍ സംഘടിപ്പിച്ച ഖത്തറിന് സൗദിയുടെ അഭിനന്ദനം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് സൗദി രാജാവും ഇരു ഹറമുകളുടേയും കസ്റ്റോഡിയനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദും രാജകുമാരനും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദുമാണ് അഭിനന്ദനങ്ങള്‍ അറിയിച്ചത്.

ലോകകപ്പ് വിജയത്തിന് ഞങ്ങളുടെ ആത്മാര്‍ഥമായ അഭിനന്ദനങ്ങളും ആശംസകളും. ഭാവിയിലെ നേട്ടങ്ങള്‍ക്കും ആശംസകള്‍ എന്നാണ് സൗദി രാജാവ് സന്ദേശത്തില്‍ അറിയിച്ചത്.

ആഗോള ഫുട്ബോള്‍ മാമാങ്കം വിജയകരമാക്കുന്നതിന് ഖത്തര്‍ സര്‍ക്കാരും ജനങ്ങളും നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികും അഭിനന്ദനങ്ങള്‍ അറിയിച്ചു.
ശൈഖ് തമീമിനേയും ഖത്തറിലെ ജനങ്ങളെയും അഭിനന്ദിച്ച് കുവൈത്ത് കാബിനറ്റും പ്രസ്താവന പുറത്തിറക്കി.

