

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ് പീറ്റര്‍ പവേലുമായി അമീരി ദിവാനില്‍ ഔദ്യോഗിക ചര്‍ച്ച നടത്തി.

ചെക്ക് പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും അമീര്‍ സ്വാഗതം ചെയ്തു. ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും ചെക്ക് പ്രസിഡന്റ് അമീറിനോട് നന്ദി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ മേഖലകളും ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളിലെ കാഴ്ചപ്പാടുകളും കൈമാറി. ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തു.
സെഷനില്‍ അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി, വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖുലൈഫി, നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചെക്ക് പ്രസിഡന്റിനും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തിനും ബഹുമാനാര്‍ഥം അമീര്‍ ഉച്ചഭക്ഷണ വിരുന്ന് സംഘടിപ്പിച്ചു.

