Connect with us

Sports

വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കളിയുടെ താരമായി ആനന്ദ് സാഗര്‍

Published

on


തൃശൂര്‍: ബാറ്റിങ് നിരയുടെ വെടിക്കെട്ട് പ്രകടനമാണ് ട്രിവാണ്‍ഡ്രം റോയല്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് അനായാസ വിജയം ഒരുക്കിയത്. 23 പന്തില്‍ 41 റണ്‍സുമായി ആനന്ദ് സാഗറും 19 പന്തില്‍ 47 റണ്‍സുമായി വിഷ്ണു വിനോദും. ഇരുവരുടെയും മികവില്‍ ഏഴോവര്‍ ബാക്കി നില്‌ക്കെ തന്നെ തൃശൂര്‍ വിജയത്തിലെത്തി.

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓപ്പണിങ്ങില്‍ വരുത്തിയ മാറ്റമാണ് തൃശൂരിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. മധ്യനിരയില്‍ നിന്ന് ഓപ്പണിങ്ങിലേക്ക് എത്തിയ ആദ്യ ഊഴത്തില്‍ തന്നെ ആനന്ദ് കളിയിലെ താരവുമായി. വിനോദ് കുമാര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഫോറുമായാണ് ആനന്ദ് തുടങ്ങിയത്. അഖിന്‍ സത്താര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ പിറന്നത് 13 റണ്‍സ്. നേരിട്ട രണ്ട് പന്തുകള്‍ മിഡ് ഓണിലൂടെ അനായാസം ബൗണ്ടറി കടത്തിയ ആനന്ദ് തൃശൂരിന്റെ തുടക്കം വേഗത്തിലാക്കി.

പേസ്- സ്പിന്‍ വ്യത്യാസമില്ലാതെ ബൗളര്‍മാരെ അനായാസം നേരിട്ട ആനന്ദിന്റെ ബാറ്റില്‍ നിന്ന് ഫോറും സിക്‌സും തുടരെയൊഴുകി. വിനോദ് കുമാര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് സിക്‌സ് നേടിയ ആനന്ദ് അതിവേഗം അര്‍ധ സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിതമായി പുറത്തയായത്. 41 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും അടക്കം 41 റണ്‍സ്.

കേരള ക്രിക്കറ്റില്‍ ഇതിനു മുന്‍പും ഇത്തരം മികവുറ്റ ഇന്നിങ്‌സുകള്‍ ആനന്ദ് കാഴ്ച വച്ചിട്ടുണ്ട്. കഴിഞ്ഞ എന്‍എസ്‌കെ ട്രോഫി ടൂര്‍ണ്ണമെന്റില്‍ കോഴിക്കോടിനെതിരെ ആലപ്പുഴയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ പ്രകടനമായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയം. അന്ന് 70 പന്തില്‍ 14 ഫോറും അഞ്ച് സിക്‌സും അടക്കം 117 റണ്‍സാണ് നേടിയത്. ആ ടൂര്‍ണ്ണമെന്റില്‍ പ്രോമിസിങ് യങ്‌സറ്റര്‍ പുരസ്‌കാരവും ആനന്ദിനെ തേടിയെത്തിയിരുന്നു. 15 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ മറ്റൊരു ഉജ്ജ്വല ഇന്നിങ്‌സും ആനന്ദിന്റെ പേരിലുണ്ട്. രണ്ട് വര്‍ഷം സ്‌കൂള്‍ നാഷണല്‍സ് കളിച്ച ആനന്ദ് ഒരു മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചും ആയിരുന്നു.

ചെങ്ങന്നൂര്‍ ന്യൂ കിഡ്‌സ് അക്കാദമിയിലൂടെ ക്രിക്കറ്റ് ലോകത്തേക്ക് കടന്നു വന്ന ആനന്ദിന്റെ പരിശീലകന്‍ സന്തോഷാണ്. സുരേഷ് കുമാറും സുനിതയുമാണ് മാതാപിതാക്കള്‍. കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനങ്ങള്‍ കരിയറില്‍ നിര്‍ണ്ണായകമാകുമെന്ന പ്രതീക്ഷയിലാണ് ആനന്ദ് സാഗര്‍.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!