Featured
24 മണിക്കൂര്‍; ഫിഫ ഖത്തര്‍ 2022 ലോകകപ്പ് ടിക്കറ്റിന് അപേക്ഷിച്ചത് 12 ലക്ഷം പേര്‍
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പ് 2022ന്റെ ടിക്കറ്റ് വില്‍പ്പയുടെ ആദ്യഘട്ടം ആരംഭിച്ചതിന് പിന്നാലെ ആദ്യ 24 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റ് വഴി ടിക്കറ്റിന് അപേക്ഷിച്ചവരുടെ എണ്ണം 12 ലക്ഷം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ടിക്കറ്റ് അപേക്ഷകരുടെ കുത്തൊഴുക്കാണ് ഫിഫയുടെ ടിക്കറ്റ് വില്‍പ്പന വെബ്‌സൈറ്റിലുണ്ടായത്.


ഏറ്റവും കൂടുതല്‍ പേര്‍ ടിക്കറ്റ് ചോദിച്ചെത്തിയത് ഖത്തറില്‍ നിന്നുതന്നെയാണ്. അതിനുപിന്നാലെ അര്‍ജന്റീന, മെക്‌സിക്കോ, യു എസ് എ, യു എ ഇ, ഇംഗ്ലണ്ട്, ഇന്ത്യ, സൗദി അറേബ്യ, ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമുണ്ട്.

2022 ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിനാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റ് ആവശ്യക്കാരെത്തിയത്- ഒരു ലക്ഷത്തി നാല്‍പ്പതിനായിരത്തിലേറെ. ഉദ്ഘാടന മത്സരം കാണാന്‍ ടിക്കറ്റ് ആവശ്യപ്പെട്ടവര്‍ എണ്‍പതിനായിരത്തിലധികമാണ്.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ടിക്കറ്റുകള്‍ക്ക് അപേക്ഷിക്കാന്‍ Fifa.com/tickest എന്നതു മാത്രമാണ് ഔദ്യോഗിക വെബ്‌സൈറ്റെന്ന് ഫിഫ ഫുട്ബാള്‍ ആരാധകരെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു.
ആദ്യഘട്ട ടിക്കറ്റ് വില്‍പ്പന ഫെബ്രുവരി എട്ടിന് ഉച്ചക്ക് ഒരു മണി വരെയാണ് തുടരുക. ഫിഫയുടെ ടിക്കറ്റ് വെബ്‌സൈറ്റ് വഴി ഫെബ്രുവരി എട്ടിന് ഉച്ചക്ക് ഒരു മണിക്കകം ഏതു സമയത്തും ടിക്കറ്റിന് അപേക്ഷിക്കാവുന്നതാണ്. ആദ്യഘട്ടത്തിലെ ടിക്കറ്റ് വില്‍പ്പനയില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്നതിന് പകരം ഈ സമയത്തിനകം അപേക്ഷിക്കുന്ന ഏതൊരാള്‍ക്കും ഒരേ അവസരമാണ് ടിക്കറ്റ് കിട്ടാന്‍ ലഭിക്കുക. ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും അനുവദിച്ച ടിക്കറ്റെണ്ണത്തിന് കണക്കായ റാന്‍ഡം തെരഞ്ഞെടുപ്പിലൂടെയാണ് ടിക്കറ്റ് അനുവദിക്കുക. ടിക്കറ്റിന് അപേക്ഷിച്ചവര്‍ക്കെല്ലാം മാര്‍ച്ച് എട്ടിന് അവരുടെ അപേക്ഷയുടെ സ്ഥിതി അറിയിക്കും.





