

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്കിയ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തിരുവനന്തപുരം കുടുംബ കോടതിയാണ് വിധി പറഞ്ഞത്.

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്കിയ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. കുഞ്ഞിന്റെ അമ്മ അവകാശവാദവുമായി രംഗത്തുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ദത്തെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നുമായിരുന്നു ഗവണ്‍മെന്റ് പ്ലീഡര്‍ എ എ ഹക്കിം നേരിട്ട് കോടതിയെ അറിയിച്ചത്.

ഇതേ നിലപാട് തന്നെയാണ് ശിശുക്ഷേമ സമിതിയും സ്വീകരിച്ചത്. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ ആയിരുന്നു വഞ്ചിയൂര്‍ കോടിതിയില്‍ നിലപാട് അറിയിച്ചത്.
ഈ കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് അനുപമ ഹര്‍ജി നല്കിയിരുന്നു. സര്‍ക്കാരിനും അനുപമയ്ക്കും പറയാനുള്ള കാര്യങ്ങള്‍ കൂടി കേട്ട ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.
കുഞ്ഞിനെ ദത്തു നല്‍കിയതുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ തത്ക്കാലം റദ്ദു ചെയ്തിരിക്കുന്നെന്നും മറ്റു വാദങ്ങള്‍ നവംബര്‍ ഒന്നിന് കേള്‍ക്കുമെന്നും കോടതി അറിയിച്ചു.
അനുപമയുടേതെന്നു കരുതുന്ന കുഞ്ഞിന്റെ അവകാശവും സംരക്ഷണവും ആന്ധ്രാ സ്വദേശികള്‍ക്ക് നല്കുന്ന ഉത്തരവ് താത്കാലികമായി തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. മാതാപിതാക്കളായ അനുപമയും അജിത്തും നല്‍കിയ പരാതികളില്‍ അന്വേഷണം നടക്കുന്നതിനാലാണിതെന്നാണ് ഹര്‍ിയില്‍ പറയുന്നത്. എന്നാല്‍ കോടതിയുടെ അന്തിമ വിധിയുണ്ടാകുന്നതു വരെ കുട്ടിയുടെ സംരക്ഷണച്ചുമതല ആന്ധ്രാ സ്വദേശികള്‍ക്കു തന്നെയാണ്.
കുഞ്ഞിനെ താത്ക്കാലികമായി ആന്ധ്ര സ്വദേശികള്‍ക്ക് നല്കിയത് ആഗസ്ത് ഏഴിനാണ്. ഇതിനുശേഷം ശിശുക്ഷേമസമിതി ഉള്‍പ്പെടെ കേസിലെ കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി തിരുവനന്തപുരം കുടുംബ കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു.
അതിനിടെ കുഞ്ഞിനെ നിര്‍ബന്ധപൂര്‍വ്വം എടുത്തു മാറ്റിയെന്ന് അനുപമ പേരൂര്‍ക്കട പൊലീസില്‍ നല്കിയ പരാതിയുമായി ബന്ധപ്പെട്ട സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി 28ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. അനുപമയുടെ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭര്‍ത്താവ് അരുണ്‍, അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശന്‍, മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. കേസില്‍ അച്ഛന്‍ ഉള്‍പ്പെടെ ആറുപേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളതെങ്കിലും ജയചന്ദ്രന്‍ ജാമ്യഹര്‍ജി നല്കിയിട്ടില്ല. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്നാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്.

