റോഡ് സഞ്ചാര യോഗ്യമാക്കാതെ അപകടമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
2 Min Read

ആലുവ: ആലുവ- പെരുമ്പാവൂര്‍ റോഡില്‍ ബി എം ബി സി നിലവാരത്തിലുള്ള പുനരുദ്ധാരണം നടത്തുവാന്‍ സാധിക്കാതിരുന്നത് ജലജീവന്‍ മിഷന്‍ പദ്ധതിയിലെ കുടിവെള്ള പൈപ്പിടല്‍ സമയബന്ധിതമായി തീര്‍ക്കാതിരുന്നതിനാലാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ. റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് വേണ്ടി അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നിര്‍ദ്ദേശപ്രകാരം പി ഡബ്ല്യു ഡി, വാട്ടര്‍ അതോറിറ്റി വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം കലക്ടറുടെ ചേംബറില്‍ ചേര്‍ന്നപ്പോഴാണ് അന്‍വര്‍ സാദത്ത് എം എല്‍ എ വിമര്‍ശനം ഉന്നയിച്ചത്.

city exchange

റോഡ് സഞ്ചാരയോഗ്യമാക്കാത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍മാര്‍ക്കുമാണെന്നും ഇത് തീര്‍ത്തും നിരുത്തരപരമായ സമീപനമാണെന്നും എം എല്‍ എ പറഞ്ഞു.

ഈ റോഡില്‍ ഏതെങ്കിലും അപകടം സംഭവിച്ചാല്‍ അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട കോണ്‍ട്രാക്ടര്‍ക്കും ആയിരിക്കുമെന്നും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്് നിയമം അനുസരിച്ച് അപകടം ഉണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍ക്കും എതിരെ കേസ് എടുക്കണമെന്നും എം എല്‍ എ കളക്ടറോട് ആവശ്യപ്പെട്ടു. എം എല്‍ എ ഉന്നയിച്ച കാര്യം നിയമപരമാണെന്നും അപകടം ഉണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍ക്കും എതിരെ കേസെടുക്കുമെന്ന് കളക്ടര്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. അതുകൊണ്ട് അലംഭാവം വെടിഞ്ഞ് എത്രയും വേഗം റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും കളക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

യോഗത്തിന്റെ തീരുമാനം അനുസരിച്ച് വാട്ടര്‍ അതോറിറ്റി പൈപ്പ് ഇടുവാന്‍ കുഴിച്ച ഭാഗം മൂടുന്ന പ്രവര്‍ത്തി അടിയന്തിരമായി ആരംഭിക്കണമെന്ന് വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടു ദിവസം മഴ മാറി വെയിലു കണ്ടാല്‍ ഉടന്‍തന്നെ റോഡിലെ കുഴികള്‍ അടക്കുന്നതിന് 36എംഎം മെറ്റല്‍ ഉപയോഗിച്ച് പാച്ച് വര്‍ക്ക് ചെയ്യുന്ന പ്രവര്‍ത്തി ചെയ്യാമെന്ന് പി ഡബ്ല്യു ഡി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. ഒരാഴ്ചക്കാലം വെയില്‍ കിട്ടിയാല്‍ ബി എം നിലവാരത്തില്‍ ആദ്യ റൗണ്ട് ടാറിങ് നടത്താമെന്നും പി ഡബ്ല്യു ഡി ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. നിയോജകമണ്ഡലത്തില്‍ ബാക്കിയുള്ള പഞ്ചായത്തുകളില്‍ ജലജീവന്‍ പദ്ധതിയില്‍ പൈപ്പിട്ട ഭാഗങ്ങളിലെ റോഡുകള്‍ സമയബന്ധിതമായി തീര്‍ക്കണമെന്ന് കളക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

- Advertisement -
Ad image

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് ചെങ്ങമനാട് പഞ്ചായത്തിലെ ഗ്യാസ് ഗോഡൗണ്‍ വളവ് നിവര്‍ത്തല്‍, പുറയാര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജ് എന്നീ പ്രവര്‍ത്തികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം തുകയുടെ ഫണ്ട് റിക്വസ്റ്റ് ലെറ്റര്‍ റവന്യൂ വകുപ്പ് ആര്‍ ബി ഡി സി കെക്ക് ജൂണ്‍ 30ന് കൈമാറും എന്നും മുന്‍ യോഗത്തിലെ തീരുമാനിച്ച ഷെഡ്യൂള്‍ പ്രകാരം ആഗസ്റ്റ് പതിനഞ്ചാം തിയ്യതിയോടുകൂടി നഷ്ടപരിഹാരത്തുക കൈമാറുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നുണ്ടെന്നും യോഗം വിലയിരുത്തി.

പി ഡബ്ല്യ ുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തോമസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് ബഷീര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ട്രീസ സെബാസ്റ്റ്യന്‍, വാട്ടര്‍ അതോറിറ്റി ആലുവ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രിയദര്‍ശിനി ബിജു, ജലജീവന്‍ മിഷന്‍ പെരുമ്പാവൂര്‍ പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സിന്ധു സി നായര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ദീപാപോള്‍ ആര്‍ സജി, അസിസ്റ്റന്റ് എന്‍ജിനീയര്‍ സജിത എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!