കുറ്റ്യാടി സ്റ്റേഷന്‍ നക്‌സല്‍ ആക്രമണത്തില്‍ പങ്കെടുത്ത അപ്പു ബാലുശ്ശേരി നിര്യാതനായി

Web Desk
1 Min Read

കോഴിക്കോട്:1969ലെ കുറ്റ്യാടി പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്ത അപ്പു ബാലുശ്ശേരി നിര്യാതനായി.നക്‌സലേറ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായിട്ടായിരുന്നു അദ്ദേഹം ആക്രമണത്തില്‍ പങ്കെടുത്തത്. 1969 ഡിസംബര്‍ 18ന് പുലര്‍ച്ചെയാണ് നക്സല്‍ പ്രവര്‍ത്തകര്‍ കുറ്റ്യാടി സ്റ്റേഷന്‍ ആക്രമിച്ചത്. ഈ ആക്രമണത്തില്‍ പങ്കെടുത്തവരില്‍ അവസാന കണ്ണിയായിരുന്നു ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂരില്‍ താനോത്ത് അപ്പുനായര്‍ എന്ന അപ്പു ബാലുശ്ശേരി.
ബോംബ് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി പതിനഞ്ചോളം വരുന്ന നക്‌സല്‍ പ്രവര്‍ത്തകരാണ് അന്ന് സ്റ്റേഷന്‍ ആക്രമിച്ചത്. പൊലീസിന്റെ വെടിയേറ്റ് നക്‌സല്‍ പ്രവര്‍ത്തകന്‍ പെരുവണ്ണാമൂഴി കോഴിപ്പിള്ളി വേലായുധന്‍(36) സ്റ്റേഷനു മുന്നില്‍ മരിച്ചു. പൊലീസ് വെടിവയ്പില്‍ മരിച്ച കേരളത്തിലെ ആദ്യ നക്‌സല്‍ പ്രവര്‍ത്തകനാണ് വേലായുധന്‍. സ്റ്റേഷന്‍ ആക്രമണത്തില്‍ 15 പേരായിരുന്നു പങ്കെടുത്തത്.
സംഭവത്തില്‍ ഒന്നാം പ്രതി വയനാട്ടിലെ വേലപ്പനായിരുന്നു. രണ്ടാം പ്രതിയായിരുന്നു ബാലുശ്ശേരി അപ്പു. മൂന്നാം പ്രതി പാലേരിയിലെ സി എച്ച് കടുങ്ങോനായിരുന്നു.
1968-76 കാലത്താണ് നക്‌സല്‍ പ്രസ്ഥാനം കേരളത്തില്‍ സജീവമായത്. ഈ സമയത്താണ് തലശ്ശേരി,പുല്‍പ്പള്ളി, കുറ്റ്യാടി, കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണങ്ങളും വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ജന്മികള്‍ക്കെതിരായ നീക്കങ്ങളും ഉണ്ടായത്.അപ്പു ബാലുശേരി പിന്നീട് സി.പി.എം പ്രവര്‍ത്തകനായി. എല്‍ ഐ സി ഏജന്റായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!