

കല്‍പ്പറ്റ: ശക്തമായ മഴയില്‍ വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടി. മൂന്നു തവണയെങ്കിലും ഉരുള്‍പ്പൊട്ടിയതയായാണ് വിവരം.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആദ്യത്തെ ഉരുള്‍പ്പൊട്ടലുണ്ടായത്. പിന്നീട് പുലര്‍ച്ചെ 4.10നും അതിനു ശേഷവും ഉരുള്‍പ്പൊട്ടി. വൈത്തിരി താലൂക്ക്, വെള്ളരിമല വില്ലേജ്, മേപ്പാടി പഞ്ചായത്ത് എന്നിവിടങ്ങളാണ് ഉരുള്‍പ്പൊട്ടല്‍ സ്ഥലങ്ങളുള്ളത്.

നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയി. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനാവാത്ത അവസ്ഥയാണ്.
നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് സംശയം. സ്ഥലത്ത് എത്തിച്ചേര്‍ന്ന രക്ഷാപ്രവര്‍ത്തകര്‍ നിരവധി പേരെ മണ്ണില്‍ നിന്നും പുറത്തേക്കെടുക്കുന്നുണ്ട്. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനിടെ വലിയ മലവെള്ളപ്പാച്ചിലുമുണ്ടായി. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടെന്നാണ് വിവരം. നിരവധി വാഹനങ്ങള്‍ ഒലിച്ചു പോവുകയും വീടുകളില്‍ വെള്ളവും ചെളിയും കയറുകയും ചെയ്തു.

