

കോഴിക്കോട്: ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയതും മധ്യവേനല്‍ അവധി വെട്ടിച്ചുരുക്കിയതും ഉള്‍പ്പെടെ വിദ്യാഭ്യാസ മന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഏകപക്ഷീയമായ തീരുമാനങ്ങള്‍ പൊതുവിദ്യാലയങ്ങളെ തകര്‍ക്കുമെന്നും അത്തരം തീരുമാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും കെ എ ടി എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ മേഖലയില്‍ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങളാണ് കൊണ്ടുവരുവാന്‍ മന്ത്രി ശ്രമിക്കുന്നതെങ്കില്‍ അതിന് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ കൈക്കൊള്ളുമ്പോള്‍ മുഴുവന്‍ അധ്യാപക സംഘടനകളേയും വിളിച്ചുകൂട്ടി അവരെക്കൂടി വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കി മുന്നോട്ട് പോകുന്നത് സര്‍ക്കാറിന് ഭൂഷണമല്ല. ദീര്‍ഘവീക്ഷണത്തോടെയും നിരന്തര ചര്‍ച്ചകളിലൂടെയും പഠനങ്ങളുടെയും ഫലമായി രൂപപ്പെടുത്തിയ അക്കാദമിക കാര്യങ്ങള്‍ ഒറ്റയടിക്ക് മാറ്റുന്നത് ശുദ്ധ വിവരക്കേടാണ്.
കാലങ്ങളായി കേരളത്തില്‍ നിലനിന്നുവന്ന സമയക്രമത്തിന് ഒറ്റയടിക്ക് മാറ്റം വരുത്തുന്നത് ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എ ലത്തീഫ്, ട്രഷറര്‍ മാഹിന്‍ ബാഖവി, സീനിയര്‍ വൈസ് പ്രസിഡന്റ് എം ടി സൈനുല്‍ ആബിദീന്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എ പി ബഷീര്‍, ഹെഡ് ക്വാര്‍ട്ടേസ് സെക്രട്ടറി എം എ റഷീദ്, എം എ സാദിഖ്, എം പി അബ്ദുസലാം, നൗഷാദ് കോപ്പിലാന്‍, മുഹമ്മദലി മിഷ്‌കാത്തി, സി എച്ച് ഫാറൂഖ്, ടി പി അബ്ദുല്‍ റഹീം, ഒ എം യഹ്യാഖാന്‍, നൂറുല്‍ അമീന്‍, മന്‍സൂര്‍ മാടമ്പാട്ട്, ടി സി അബ്ദുല്‍ ലത്തീഫ്, കെ വി റംല, പി പി നസീമ എന്നിവര്‍ സംസാരിച്ചു.

