
തിരുവനന്തപുരം: സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളില്‍ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ വീണ്ടും രംഗത്ത്.

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സിലറായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുത്തോട്ടെയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. രാജ്യത്തിലെല്ലായിടത്തും സര്‍ക്കാര്‍ തന്നെയാണ് ചാന്‍സലേഴ്സിനെ നിയമിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ യൂണിവേഴ്സിറ്റിയുടെ കാര്യങ്ങളില്‍ ഇത്തരത്തില്‍ ഇടപെടാറില്ലെന്നും സര്‍ക്കാറിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ അതിരുകടക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഗവര്‍ണറുടെ വിമര്‍ശനം. എട്ടാം തീയതി ചാന്‍സലര്‍ പദവിയില്‍ നിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പകരം മുഖ്യമന്ത്രി ചാന്‍സലര്‍ പദവി ഏറ്റെടുക്കണമെന്നും അതിനായി നിയമനിര്‍മാണം നടത്തണമെന്നും അതില്‍ താന്‍ ഒപ്പിടാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാറുമായി ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ അവരുടെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്ക് നിന്ന് കൊടുക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍ ഭരണഘടനാ പദവിയല്ലെന്നും ഗവര്‍ണര്‍ ചാന്‍സലര്‍ പദവിയിലിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങളുടെ ഏജന്റിനെ നിയമിച്ച് കാര്യങ്ങള്‍ നടപ്പാക്കാനാണെങ്കില്‍ സ്ഥാനം നിങ്ങളേറ്റെടുത്തോളുവെന്നാണദ്ദേഹം പറയുന്നത്. സംസ്ഥാനത്ത് മികച്ച സ്‌കൂളുകളുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസത്തിന് കേരളം വിടേണ്ട അവസ്ഥയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

