

കൊച്ചി: മലയാള സിനിമാരംഗത്ത് പ്രശസ്തനായ ആര്‍ട്ടിസ്റ്റ് കിത്തോ (83) അന്തരിച്ചു. 1970ല്‍ ഐ വി ശശി സംവിധാനം ചെയ്ത ഈ മനോഹരതീരം എന്ന ചിത്രത്തിലൂടെ കലാസംവിധായകനായി രംഗപ്രവേശം ചെയ്ത കിത്തോ 1988ല്‍ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസുമായി ചേര്‍ന്ന് ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് എന്ന സിനിമ നിര്‍മ്മിച്ചു. 1972ല്‍ ബാല്യകാല സുഹൃത്തായ കലൂര്‍ ഡെന്നിസുമായി ചേര്‍ന്ന് ചിത്ര പൗര്‍ണമി എന്ന സിനിമാ വാരിക എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്നു. സെബാസ്റ്റ്യന്‍ പോള്‍ ആയിരുന്നു ചീഫ് എഡിറ്റര്‍.

എറണാകുളം കലൂരില്‍ പൈലി- വെറോണിക്ക ദമ്പതികളുടെ മകനായ കിത്തോ ചെറുപ്രായത്തില്‍ തന്നെ ചിത്രരചനയില്‍ താല്പര്യം പ്രകടിപ്പിക്കുകയും വിശാലമായ വീട്ടുമുറ്റത്ത് ചിത്രങ്ങള്‍ വരച്ചു തന്റെ കലാമികവ് തെളിയിക്കുകയും ചെയ്തു. വരയ്ക്കുന്നതിനോടൊപ്പം ചെളികൊണ്ട് പ്രതിമകളും ഉണ്ടാക്കിയിരുന്നു. അക്കാലത്തു എറണാകുളത്തെ പ്രശസ്തമായ ബ്ലോക്ക് മേക്കിങ് കമ്പനിയിലേക്ക് ചിത്രങ്ങള്‍ വരച്ചു കൊടുത്തിരുന്നു.

എറണാകുളം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലും മഹാരാജാസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പ്രീ യൂണിവേഴ്‌സിറ്റി തലത്തില്‍ പഠിക്കുമ്പോള്‍ മികച്ച ആര്‍ട്ടിസ്റ്റിനുള്ള കോന്നോത്ത് ഗോവിന്ദമേനോന്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. ചിത്രരചനയിലെ താല്‍പര്യം മുന്‍നിര്‍ത്തി കോളേജ് വിദ്യാഭ്യാസം മതിയാക്കി പ്രശസ്ത ചിത്രകാരനായ എം ആര്‍ ഡി ദത്തന്‍ നടത്തിയിരുന്ന കൊച്ചിന്‍ ആര്‍ട്‌സില്‍ ചേര്‍ന്നു. നാലുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി എം ജി റോഡില്‍ സ്വന്തമായി കിത്തോ ഇലസ്‌ട്രേഷന്‍ ആന്‍ഡ് ഗ്രാഫിക്‌സ് എന്ന സ്ഥാപനം ആരംഭിച്ചു.
കലൂര്‍ ഡെന്നിസ് എഴുതിയ കഥകള്‍ക്ക് ഇലസ്‌ട്രേഷന്‍ വരച്ചിരുന്നത് കിത്തോയായിരുന്നു. അക്കാലത്തു കിത്തോയുടെ വരകള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്നു. തുടര്‍ന്ന് ധാരാളം അവസരങ്ങളും ലഭിച്ചു. മലയാള മനോരമ, മാതൃഭൂമി, കേരളടൈംസ് തുടങ്ങിയ ദിനപത്രങ്ങളിലെ സ്ഥിരം ചിത്രകാരനായി മാറി.
ചിത്രകാരന്‍ കൈകൊണ്ട് തലക്കെട്ട് എഴുതിയിരുന്ന കാലത്ത് മലയാള മനോരമയുടെ ഒന്നാം പേജില്‍ സ്‌കൈലാബ് പതിക്കുന്ന ചിത്രം കിത്തോ വരച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രപൗര്‍ണമി സിനിമ വാരികയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി സിനിമാക്കാരുമായി പരിചയപ്പെടാനിടയായ കിത്തോയ്ക്ക് ഈ ബന്ധമാണ് ഐ വി ശശിയുടെ ‘ഈ മനോഹരതീരം’ എന്ന സിനിമയില്‍ എത്തിച്ചത്. സിനിമയുടെ പരസ്യകലയും കലാസംവിധാനവും കിത്തോ നിര്‍വഹിച്ചു.
പിന്നീട് ജേസി, ജോഷി, സത്യന്‍ അന്തിക്കാട്, ഫാസില്‍, കമല്‍, വിജിതമ്പി, മോഹന്‍, ഹരികുമാര്‍, തമ്പി കണ്ണന്താനം, കെ എസ് സേതുമാധവന്‍, ജോര്‍ജ് കിത്തു, തുളസിദാസ് തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. കമ്പ്യൂട്ടറില്ലാതിരുന്ന കാലത്ത് കിത്തോ ഡിസൈനിങ്ങില്‍ പല പുതുമകളും കൊണ്ടുവന്നിരുന്നു.
കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ആരോരുമറിയാതെ എന്ന ചിത്രത്തിനുവേണ്ടി കാര്‍ട്ടൂണ്‍ പോസ്റ്ററുകള്‍ ഇറക്കി. സിക്‌സ് ഷീറ്റ് പോസ്റ്ററില്‍ മധു, ഭരത് ഗോപി, കരമന ജനാര്‍ദ്ദനന്‍ നായര്‍, നെടുമുടി വേണു എന്നിവര്‍ ചേര്‍ന്നുള്ള ഒരു രഥം വലിക്കുന്ന കാര്‍ട്ടൂണ്‍ ഏറെ പ്രശസ്തി നേടിയിരുന്നു. ഏതാണ്ട് നൂറോളം ചിത്രങ്ങള്‍ക്ക് പരസ്യകലയും അമ്പതോളം സിനിമകള്‍ക്ക് കലാസംവിധാനവും നിര്‍വഹിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മോഹന്‍ സംവിധാനം ചെയ്ത ആലോലം എന്ന സിനിമയ്ക്കു വേണ്ടി കഥ എഴുതി. കമല്‍ സംവിധാനം ചെയ്ത ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രം നിര്‍മിച്ചു.
സിനിമയിലെ പല മേഖലകളിലും ഉള്ള പരിചയം കിത്തോയെ സിനിമയില്‍ത്തന്നെ തളച്ചിട്ടില്ല. ക്രമേണ സിനിമാ മേഖലയില്‍നിന്നു പിന്മാറി. തുടര്‍ന്ന് ആത്മീയ ജീവിതത്തിലേക്കും ബൈബിള്‍ സംബന്ധിയായ പുസ്തകങ്ങളുടെ വരകളിലേക്കും വഴിമാറി. കേരളത്തിലങ്ങോളമിങ്ങോളമുള്ള ധാരാളം പള്ളികളുടെ അള്‍ത്താര വര്‍ക്കുകളും പെയിന്റിങ്ങുകളും ചെയ്തു. പ്രശസ്തമായ കുട്ടികളുടെ മാസികയായ സ്‌നേഹസേനയുടെ ആര്‍ട്ട് വര്‍ക്കും ചെയ്തുപോന്നു.
ജര്‍മനിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന രശ്മി മാഗസിന് 1977ല്‍ മികച്ച രൂപകല്‍പ്പനക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് കിത്തോക്ക് ലഭിച്ചു. കേരളത്തിലെ പ്രശസ്തമായ പല സ്ഥാപനങ്ങള്‍ക്ക് വേണ്ടി കിത്തോ എംബ്ലം വരച്ചു. കലാഭവന്‍, സി എ സി തുടങ്ങിയവ ഇതില്‍പ്പെടുന്നു.
ഭാര്യ: ലില്ലി. മക്കള്‍: അനില്‍ കിത്തോ, കമല്‍ കിത്തോ. മരുമക്കള്‍: നീതു കമല്‍, സ്വീറ്റി അനില്‍.
സംസ്‌കാരം കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് പള്ളിയില്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക്.

