

കൊച്ചി: അയോധ്യയില്‍ മര്യാദ പുരുഷോത്തമനായ രാമനെ പ്രതിഷ്ഠിക്കാന്‍ നേതൃത്വം നല്‍കിയ നരേന്ദ്രമോദി ബില്‍കിസ് ബാനു കേസില്‍ എല്ലാ മര്യാദകളും ലംഘിച്ചുവെന്നതിന്റെ തെളിവാണ് ഈ കേസില്‍ സുപ്രിം കോടതിയുടെ ചരിത്രപ്രാധാന്യമുള്ള വിധികളെന്ന് സി പി ഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക വേളയിലെ പ്രസംഗത്തില്‍ രാജ്യത്തെ സ്ത്രീകള്‍ക്കു നീതി ഉറപ്പാക്കുമെന്നു പ്രസംഗിച്ച പ്രധാനമന്ത്രി ബില്‍കിസ് ബാനുവിനു നീതി നിഷേധിച്ചയാളാണെന്നും സുഭാഷിണി അലി പറഞ്ഞു.

ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ഹൈക്കോടതി വനിതാ സബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ബില്‍കിസ് ബാനുവിന്റെ കേസിലെ ഭരണകൂടത്തിന്റെ ഇടപെടലുകള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു സുഭാഷിണി അലി.

ബില്‍കിസ് ബാനുവിനു നേരെയുള്ള കൂട്ടബലാല്‍സംഗ കേസും കുടുംബത്തെ കൂട്ടക്കൊല ചെയ്തതുമുള്‍പ്പടെയുള്ള കേസും ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്കു മാറ്റിയ സുപ്രിം കോടതിവിധിയില്‍ പറഞ്ഞത് ഗുജറാത്തില്‍ വിചാരണ ചെയ്താല്‍ നീതി ലഭിക്കില്ല എന്നാണ്. അന്ന് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെയാണ് ഗുജറാത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ വംശീയ കലാപവും കൂട്ടക്കൊലയും കൂട്ടബലാല്‍സംഗവും നടന്നത്.

കൂട്ടബലാല്‍സംഗ കേസ് പ്രതികളെ ജയിലില്‍ നിന്ന് മോചിപ്പിച്ച ഗുജറാത്ത് ഹൈക്കോടതിയുടെയും ഗുജറാത്ത് സര്‍ക്കാരിന്റെയും നടപടി റദ്ദാക്കിയ സുപ്രിം കോടതിയുടെ പുതിയ വിധി വിരല്‍ചൂണ്ടുന്നത് പ്രതികളുടെ മോചനത്തിനു കളമൊരുക്കിയ നരേന്ദ്രമോദിയുടെ കേന്ദ്ര ഗവര്‍മെന്റിനു നേരെയാണ്.
ബില്‍കിസ് ബാനുവിനു നഷ്ടപരിഹാരവും വീടും ആശ്രിതര്‍ക്ക് ജോലിയും നല്‍കണമെന്നു കോടതി വിധി പറഞ്ഞ് പത്തുവര്‍ഷം കഴിഞ്ഞ് നഷ്ടപരിഹാരം നല്‍കിയപ്പോഴും വീടും ജോലിയും ഇതുവരെ നല്‍കിയില്ല. എന്നാല്‍ പ്രതികള്‍ക്കു വേണ്ടി സുപ്രിം കോടതിയിലെ രാജ്യത്തിന്റെ സോളിസിറ്റര്‍ ജനറലും ഗുജറാത്ത് അഡ്വക്കറ്റ് ജനറലും മാത്രമല്ല സുപ്രിം കോടതിയിലെ 11 സീനിയര്‍ അഭിഭാഷകരും ഹാജരാകാന്‍ സര്‍ക്കാര്‍ സഹായമുണ്ടായി.
മനുവാദി നീതി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നവര്‍ ഭരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കില്ല എന്നു മാത്രമല്ല രാജ്യത്തിന്റെ ഭരണഘടനയും വെല്ലുവിളി നേരിടുകയാണ്. ബില്‍കിസ് ബാനു കേസിലെ വിധി മാത്രമല്ല; കേസാകെ കേരളത്തിലെങ്കിലും പുതിയ നിയമവിദ്യാര്‍ഥികളുടെ സിലബസില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും സുഭാഷിണി അലി പറഞ്ഞു.
എ ഐ എല്‍ യു ഹൈക്കോടതി വനിതാ സബ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. കെ ആര്‍ ദീപ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അശോക് എം ചെറിയാന്‍, എ ഐ എല്‍ യു ഹൈക്കോടതി കമ്മിറ്റി പ്രസിഡന്റ് അഡ്വ. സി എം നാസര്‍, എ ഐ എല്‍ യു സംസ്ഥാന വനിത സബ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ലത ടി തങ്കപ്പന്‍, എ ഐ എല്‍ യു ഹൈക്കോടതി വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. സി എസ് ഷീജ എന്നിവര്‍ സംസാരിച്ചു.

