

കോഴിക്കോട്: ആര്യാടൻ മുഹമ്മദിന് കോഴിക്കോട് എന്നും പൊക്കിൾ കൊടി ബന്ധത്തിന്റെ വൈകാരികത നിറഞ്ഞ ജില്ലയായിരുന്നു. ആര്യാടനെ തലയെടുപ്പുള്ള നേതാവായി വളർത്തിയതിൽ കോഴിക്കോടിനുള്ള പങ്ക് ഏറെ വലുതാണ്.

അവിഭക്ത കോഴിക്കോട് ജില്ലയിലെ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. കെ ഗോപാലനായിരുന്നു അന്ന് ഡി സി സി പ്രസിഡന്റ്. മലപ്പുറം, വയനാട് ഉൾപ്പെട്ട അന്നത്തെ കോഴിക്കോട് ജില്ലയിലെ പ്രവർത്തന മേഖല ഏറെ വലുതായിരുന്നു.
ആ കാലത്ത് ഓഫീസിൽ തന്നെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നതെന്ന് ഡി സി സി ഓഫീസിന്റെ ചുമതല ഉണ്ടായിരുന്ന ടി എം വേലായുധൻ ഓർക്കുന്നു. ഖദർ ഷർട്ടും മുണ്ടും ഹവായി ചെരുപ്പുമണിഞ്ഞ് കടന്നുവരാറുള്ള ആര്യാടന്റെ ഓർമ്മകൾ ഇപ്പോഴും
കോൺഗ്രസിലെ പഴയ
തലമുറയുടെ മനസിലുണ്ട്. പില്ക്കാലത്തും അദ്ദേഹത്തെ സഹപ്രവർത്തകർ
പഴയ ലളിതമായ വേഷത്തിൽ തന്നെയാണ് കണ്ടത്.

കോഴിക്കോടുമായി വളരെ ആഴത്തിലുള്ള വൈകാരിക ബന്ധമാണ് ആര്യാടൻ മുഹമ്മദ് പുലർത്തിയിരുന്നത്. സി കെ ഗോവിന്ദൻ നായരുടെ ശിഷ്യനായിരുന്നു അദ്ദേഹം.
ഇ മൊയ്തു മൗലവി ഉൾപ്പെടെ ദേശീയ പ്രസ്ഥാനത്തിന്റെ പോരാളികളുമായി അദ്ദേഹം ഏറെ അടുപ്പം കാത്ത് സൂക്ഷിച്ചിരുന്നു. കെ ഗോപാലൻ, വി പി കുഞ്ഞിരാമക്കുറുപ്പ്, എ സി ഷണ്മുഖദാസ്, എൻ പി മൊയ്തീൻ മുതൽ എ സുജനപാൽ വരെയുള്ള അക്കാലത്തെ നേതൃനിരയുമായി അദ്ദേഹം ബന്ധപ്പെട്ട് പ്രവർത്തിച്ചു. ഈ കാലയളവിലാണ് നിലമ്പൂരിൽ കുഞ്ഞാലി കേസ് ഉണ്ടാവുന്നതും തുടർന്ന് ജയിൽവാസമനുഷ്ഠിക്കുന്നതും.
കോഴിക്കോട് കോൺഗ്രസ് നേതൃനിരയിൽ പ്രവർത്തിക്കുന്ന കാലത്ത് തന്നെ ഐ എൻ ടി യു സിയുടെ ഏറ്റവും പ്രമുഖനായ നേതാവായി അദ്ദേഹം മാറിയിരുന്നു. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുവാനും മാവൂർ ഗ്വാളിയോർ റയോൺസിൽ തൊഴിലാളി യൂണിയൻ ഉണ്ടാക്കുവാനും അക്കാലത്ത് നേതൃത്വം കൊടുത്തത് ആര്യാടനായിരുന്നു. പി വി ശങ്കരനാരായണൻ, ഐ പി കൃഷ്ണൻ, പി കെ ഗോപാലൻ, വി പി മരക്കാർ തുടങ്ങി ആദ്യകാല ട്രേഡ് യൂണിയൻ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചാണ് തൊഴിലാളി വർഗത്തിനിടയിൽ ആര്യാടൻ മുഹമ്മദ് വേരോട്ടമുള്ള നേതാവായി മാറിയത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ദേശീയതലത്തിൽ പിളർപ്പുണ്ടായതും കോഴിക്കോട് ജില്ല വിഭജിക്കപ്പെട്ടതും ആര്യാടന്റെ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തെ ബാധിച്ചു.
നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും കോഴിക്കോടിനോടുള്ള ആത്മബന്ധം അദ്ദേഹം കൈവിട്ടില്ല. മന്ത്രി എന്ന നിലയിലും കോഴിക്കോടിന് അദ്ദേഹം വളരെ പരിഗണന നൽകിയിരുന്നു. നിയമസഭ പ്രവർത്തനം അവസാനിപ്പിച്ച് വിശ്രമ ജീവിതത്തിലേക്ക് കടന്ന ഘട്ടത്തിലും അദ്ദേഹം ഒരുപാട് തവണ കോഴിക്കോട് വന്ന് തന്റെ സൗഹൃദങ്ങൾ പുതുക്കിയിരുന്നു. ഏറ്റവും അവസാനം തന്റെ പഴയ തട്ടകമായ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് എത്തി മുൻ മന്ത്രി പി ശങ്കരന്റെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങി. കെ മുരളീധരനാണ് പുരസ്കാരം കൈമാറിയത്.
2021 ഡിസംബർ 28ന് കോൺഗ്രസ് ജന്മദിനത്തിൽ ഡി സി സി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തതാണ് കോഴിക്കോട്ടെ അവസാനത്തെ സംഘടനാതല പരിപാടി.
കോഴിക്കോട്ടെ മകന്റെ വീട്ടിൽ താമസിക്കുമ്പോഴും ജില്ലയിലെ രാഷ്ട്രീയ സ്പന്ദനങ്ങൾ തൊട്ടറിയാനും അഭിപ്രായങ്ങൾ പറയാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ആകസ്മികത പോലെ അദ്ദേഹത്തിന്റെ വിയോഗവും ഏറെ പ്രിയപ്പെട്ട കോഴിക്കോടു നിന്നു തന്നെയായിരുന്നു. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നതും.

