

ദോഹ: മലയാളി സമാജം കേരളോത്സവം സെപ്തംബര്‍ 30ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിലെ എല്ലാ അസോസിയേഷനുകളേയും കായിക- സാംസ്‌ക്കാരിക അസോസിയേഷനുകളേയും ഇന്ത്യന്‍ സ്‌കൂളുകളേയും ഉള്‍പ്പെടുത്തി ആയിരത്തിലധികം കലാകാരന്മാരെ അണിനിരത്തിയാണ് ഖത്തര്‍ ലോകകപ്പിന് ആദരമൊരുക്കുന്ന കേരളോത്സവം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

അയ്യായിരം മുതല്‍ എട്ടായിരം വരെ ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടി ഖത്തറിലെ മലയാളി സമൂഹം സംഘടിപ്പിക്കുന്ന ഏറ്റവും വലുതായിരിക്കുമെന്നും സംഘാടകര്‍ അവകാശപ്പെട്ടു. അഞ്ഞൂറിലധികം കലാകാരന്മാരെ അണിനിരത്തി മെഗാ നൃത്താവിഷ്‌ക്കാരം, മെഗാ തിരുവാതിര, ഒപ്പന, മാര്‍ഗ്ഗംകളി, നാടന്‍ പാട്ട് തുടങ്ങി നിരവധി കലാപരിപാടികള്‍ കേരളോത്സവത്തില്‍ അവതരിപ്പിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ആനന്ദ് നായര്‍, സെക്രട്ടറി റിയാസ് അഹമ്മദ്, ചെയര്‍പേഴ്‌സണ്‍ ലത ആനന്ദ്, വൈസ് പ്രസിഡന്റുമാരായ ബദറുദ്ദീന്‍ സി മുഹമ്മദ്, എന്‍ വേണുഗോപാല്‍, ട്രഷറര്‍ വീണ ബിദ, അന്‍വര്‍ ഹുസൈന്‍, ഷോ ഡയറക്ടര്‍ കൃഷ്ണന്‍ ഉണ്ണി എന്നിവര്‍ പങ്കെടുത്തു.

