Connect with us

Featured

ഖത്തറിലെ വിമാനത്താവളങ്ങളുടെ ശേഷി വര്‍ധിപ്പിച്ചു; ഒരേ സമയം മൂന്ന് വിമാനങ്ങള്‍ക്ക് ഇറങ്ങാനും പറക്കാനും സൗകര്യം

Published

on


ദോഹ: ഖത്തറിലെ പുതിയ എയര്‍സ്പേസ് ഡിസൈന്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാവുന്ന വിമാനങ്ങളുടെ എണ്ണത്തേയും കഴിവിനേയും ഗണ്യമായി വര്‍ധിപ്പിച്ചതായി ഖത്തര്‍ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ സെന്ററിലെ മുഹമ്മദ് അല്‍ അസ്മഖ് ഖത്തര്‍ റേഡിയോയുമായി നടത്തിയ സംഭാഷണം ഉദ്ധരിച്ച് ദി പെനിന്‍സുല ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാലത്ത് മണിക്കൂറില്‍ 100 വിമാനങ്ങള്‍ വരെ കൈകാര്യം ചെയ്യാന്‍ ഖത്തറിന് പ്രാപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ലോകകപ്പ് ടൂര്‍ണമെന്റ് അരങ്ങേറുമ്പോള്‍ പ്രതിദിനം ഏകദേശം 1,600 എയര്‍ ട്രാഫിക്ക് നീക്കങ്ങളാണ് ഖത്തര്‍ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി സെപ്തംബര്‍ എട്ടിന് ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും പ്രൊജക്ടുകളും പുതിയ എയര്‍സ്പേസ് ഡിസൈന്‍ പ്രൊജക്ടുകളും സജീവമാക്കിയതായും മുഹമ്മദ് അല്‍ അസ്മാഖ് പറഞ്ഞു.

പുതിയ എയര്‍സ്പേസ് ഡിസൈന്‍ പ്രകാരം മൂന്ന് വിമാനങ്ങള്‍ക്ക് ഒരേ സമയം ഇറങ്ങാനുള്ള പ്രാപ്തിയുണ്ടാക്കിയിട്ടുണ്ട്. രണ്ട് വിമാനങ്ങള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഒന്ന് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് പറന്നിറങ്ങുക. അതോടൊപ്പം ഒരേ സമയം രണ്ട് വിമാനത്താവളങ്ങളില്‍ നിന്നായി മൂന്ന് വിമാനങ്ങള്‍ക്ക് പറന്നുയരാനുമാകും. പുതിയ എയര്‍സ്പേസ് ഡിസൈന്‍ രണ്ട് വിമാനത്താവളങ്ങളുടെയും വിമാനങ്ങളെ കൈകാര്യം ചെയ്യാനുള്ള ശേഷി ഗണ്യമായി വര്‍ധിപ്പിച്ചതായി അല്‍ അസ്മാഖ് പറഞ്ഞു.

വിമാനങ്ങള്‍ ഇറങ്ങുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ അയല്‍രാജ്യങ്ങളുമായി ഏകോപിപ്പിച്ച് ഖത്തറിലേക്കുള്ള വ്യോമഗതാഗതം നിയന്ത്രിക്കാന്‍ എയര്‍ ട്രാഫിക് ഫ്‌ളോ മാനേജ്മെന്റും സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ എണ്ണം 160 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. അവര്‍ ആധുനികവല്‍ക്കരിച്ച സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനായി തീവ്ര പരിശീലന പരിപാടികള്‍ക്ക് വിധേയരായിട്ടുണ്ട്. നിരീക്ഷണ ടവര്‍, കാലാവസ്ഥാ നിയന്ത്രണം, ദോഹ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയന്‍ (എഫ് ഐ ആര്‍), ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (എച്ച് ഐ എ), ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ഡി ഐ എ) എന്നിങ്ങനെ നിരവധി യൂണിറ്റുകളില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഫിഫ ലോകകപ്പിനോടനുബന്ധിച്ചും ഭാവിയിലും വിമാന ഗതാഗത നീക്കങ്ങളുടെ വേഗത നിലനിര്‍ത്താന്‍ ഏറ്റവും നൂതനമായ ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. മികച്ച ദൃശ്യപരതയ്ക്കായി റഡാറുകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. എയര്‍ ട്രാഫിക് മാനേജ്‌മെന്റിന് ആവശ്യമായ നിരവധി പ്രക്രിയകള്‍ വേഗത്തിലാക്കാനും ഓട്ടോമേറ്റ് ചെയ്യാനും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും നൂതനമായ ഓട്ടോമേഷന്‍ സംവിധാനങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉപകരണങ്ങള്‍ നവീകരിച്ചിട്ടുണ്ടെന്നും കണ്‍ട്രോളറുകളുടെ ദൃശ്യപരത മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാവിഗേഷന്‍ സംവിധാനം വികസിപ്പിക്കുന്നതില്‍ ഖത്തര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്റര്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 12,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ കേന്ദ്രം ഖത്തറിന്റെ നാവിഗേഷന്‍ സംവിധാനവും വ്യോമ നിരീക്ഷണ സംവിധാനവും നവീകരിക്കുന്നതിനുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. നിരീക്ഷണ ടവര്‍, ദോഹ ഫ്‌ളൈലറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയണ്‍ എന്നിവയ്ക്ക് സേവനം നല്‍കുന്നതിന് സിമുലേറ്ററുകള്‍ പോലുള്ള ഉപകരണങ്ങളും കേന്ദ്രത്തിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


error: Content is protected !!