Connect with us

Community

രണ്ടിലോ മൂന്നിലോ അല്ല കേരളത്തിലെ 20 സീറ്റിലും മത്സരിക്കുന്നത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍: പാണക്കാട് സാദിഖലി തങ്ങള്‍

Published

on


ദോഹ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് രണ്ട് സീറ്റിലോ മൂന്ന് സീറ്റിലോ മത്സരിക്കുന്നത് എന്ന കാര്യത്തില്‍ സംശയിക്കാനൊന്നുമില്ലെന്നും കേരളത്തിലെ 20 സീറ്റുകളിലേയും സ്ഥാനാര്‍ഥികള്‍ മുസ്‌ലിം ലീഗിന്റേതാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്‍കാസ് തൃശൂര്‍ ജില്ല സംഘടിപ്പിച്ച കെ കരുണാകരന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ബി ജെ പിക്കെതിരെ നേതൃത്വം കൊടുക്കേണ്ട പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ഏതെങ്കിലും പരാജയംകൊണ്ട് കോണ്‍ഗ്രസ് നിരാശപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പരാജയങ്ങളുണ്ടാവുമെങ്കിലും അതില്‍ നിന്നൊക്കെ തിരിച്ചു വന്ന ചരിത്രം കോണ്‍ഗ്രസിനുണ്ടെന്നും അതുകൊണ്ടുതന്നെ പ്രതീക്ഷയോടെ മുന്നേറുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനങ്ങള്‍ നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചു വന്നത് ഹിന്ദു ഫാസിസം പറഞ്ഞായിരുന്നില്ല. മതേതരത്വം പറഞ്ഞു തന്നെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ജനാധിപത്യ ചേരിയിലുള്ള എല്ലാ പാര്‍ട്ടികള്‍ക്കും അത് മാതൃകയാണ്.

ഇന്ത്യയില്‍ ജനങ്ങള്‍ ആധികാരികമായി വിശ്വസിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മതേതരത്വം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. മുസ്‌ലിം ലീഗ് ഇതാണ് എക്കാലത്തും പറയുന്നതെന്നും ലീഗ് എന്നും എവിടെയുണ്ടോ അവിടെ തന്നെ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം വിശദമാക്കി.

ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു ലോക രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇന്നത്തെ ആളുകള്‍ കാഴ്ച കാണാന്‍ പോകുന്നതുപോലെയായിരുന്നില്ല നെഹ്‌റു വിദേശങ്ങളില്‍ യാത്ര നടത്തിയത്. അദ്ദേഹം വിദേശങ്ങളിലെ വ്യത്യസ്ത കാര്യങ്ങള്‍ പഠിക്കുകയും ഇന്ത്യയില്‍ നടപ്പാക്കുകയും ചെയ്തു. അതിന്റെ ഫലമായാണ് ദരിദ്രമായൊരു ഇന്ത്യയെ നയിക്കാന്‍ നിയോഗിക്കപ്പെട്ട ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്നും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിലെ ഇന്ത്യ ഭരിച്ച ഒടുവിലത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിലെത്തിയപ്പോള്‍ ഭക്ഷ്യസുരക്ഷയും സ്വയം പര്യാപ്തതയും കൈവരിക്കാന്‍ സാധിച്ചത്.

തന്റെ രാജ്യമായ അമേരിക്കയുടെ ജനാധിപത്യത്തെക്കാള്‍ താന്‍ വിലമതിക്കുന്നത് ഇന്ത്യയുടെ ജനാധിപത്യത്തെയാണെന്ന് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രേഖപ്പെടുത്തിയതിന് കാരണം ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ മതേതര രാജ്യം ഭരിച്ചവരുടെ മികവിനെയാണ് പ്രകടിപ്പിക്കുന്നത്.

പോരടിക്കാനോ ഏറ്റുമുട്ടാനോ തയ്യാറാകാത്ത പാരമ്പര്യമാണ് ഇന്ത്യക്കുണ്ടായിരുന്നത്. അതുകൊണ്ടാണ് അറബ് രാജ്യങ്ങളും മറ്റു ലോകരാജ്യങ്ങളും ഇന്ത്യയെ ഇഷ്ടപ്പെടുന്നത്.

മതേതരത്വത്തെ എപ്പോഴും അംഗീകരിച്ചിരുന്ന ഇന്ത്യ ഒരിക്കലും അതില്‍ നിന്നും മാറാന്‍ പാടില്ലാത്തതാണെങ്കിലും ഇപ്പോഴതിന് വ്യത്യാസം വന്നുകൊണ്ടിരിക്കുന്നുണ്ട്. എല്ലാവരുടേയും മതവിശ്വാസത്തെ ഉള്‍ക്കൊണ്ട രാജ്യമാണ് ഇന്ത്യ. ഇസ്‌ലാമും ക്രൈസ്തവതയും പോലെ വിദേശത്തു നിന്നും വന്ന മതങ്ങളെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. പരസ്പരം പോരടിച്ചോ ഏറ്റുമുട്ടിയോ ആയിരുന്നില്ല അത് നടന്നത്. നാനാത്വത്തില്‍ ഏകത്വമെന്നതാണ് ഇന്ത്യയുടെ സൗന്ദര്യം.

ഇത്തരം ഘട്ടങ്ങളിലാണ് കെ കരുണാകരനെ പോലുള്ള നേതാക്കളുടെ വിയോഗം വ്യക്തമായി മനസ്സിലാവുന്നത്. കെ കരുണാകരന്‍ തന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കിയിരുന്നത് യാതൊരു വിഭാഗിയതയുമില്ലാതെയായിരുന്നു. ഇന്ന് അത്തരത്തിലുള്ള നേതാക്കളെയാണ് നാടിന് ആവശ്യമായിട്ടുള്ളത്. കോണ്‍ഗ്രസിനു തന്നെ വലിയ ആവേശം നല്‍കുന്നതില്‍ കരുണാകരന്റെ പ്രവര്‍ത്തനങ്ങളും പരിശ്രമങ്ങളും സഹായിച്ചിരുന്നു. കെ കരുണാകരനെ പോലെയുള്ള നേതാക്കളുടെ നഷ്ടത്തില്‍ എല്ലാവരും വ്യാകുലപ്പെടണമെന്നും ഇച്ഛാശക്തിയുള്ള നേതാക്കളെയാണ് കേരളത്തിന് ആവശ്യമെന്നും തങ്ങള്‍ പറഞ്ഞു.

എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന വ്യക്തിയായിരുന്നു കെ കരുണാകരന്‍. യു ഡി എഫിനെ നിലനിര്‍ത്തുന്നതില്‍ കെ കരുണാകരന്‍ ശക്തമായ സ്വാധീനമാണ് ചെലുത്തിയത്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെ യു ഡി എഫില്‍ ഒന്നിച്ചു നിര്‍ത്തുന്നതില്‍ കെ കരുണാകരന് വിരുതുണ്ടായിരുന്നു. കണ്ണിറുക്കി കാണിക്കലും തമാശ പറയലും കണ്ടില്ലെന്നു നടിക്കലും ഉള്‍പ്പെടെ വിരുതുകള്‍ അദ്ദേഹം പ്രകടമാക്കിയിരുന്നു.

മുസ്‌ലിം ലീഗുമായി കെ കരുണാകരന്‍ പുലര്‍ത്തിയ ബന്ധം രാഷ്ട്രീയത്തിനപ്പുറത്ത് വ്യക്തിബന്ധമായിരുന്നു. ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ അദ്ദേഹം എല്ലാവരേയും ഇഷ്ടപ്പെട്ടിരുന്നുവെന്നും സി എച്ച് മുഹമ്മദ് കോയയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധത്തെ കരുണാകരന്‍ വളരെ അഭിമാനത്തോടെ പറയാറുണ്ടായിരുന്നുവെന്നും പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഓര്‍ത്തെടുത്തു.

കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനമായ തൃശൂര്‍ കെ കരുണാകരന്‍ ജീവിച്ചിരുന്ന കാലത്ത് രാഷ്ട്രീയ തലസ്ഥാനമായും അറിയപ്പെട്ടിരുന്നു. ദേശീയ നേതൃത്വത്തില്‍ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമായിരുന്നു അദ്ദേഹം. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും കോണ്‍ഗ്രസിന് ഒഴിച്ചുകൂടാനാവാത്ത നേതാവായിരുന്നു കരുണാകരനെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.

ഇരമ്പല്‍ നിലക്കാത്ത കടലായിരുന്നു കെ കരുണാകരന്‍. എപ്പോഴും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. അവ കൃത്യമായി അദ്ദേഹം സൃഷ്ടിക്കുന്നതുമായിരുന്നില്ല. ഇ കെ നായനാര്‍ മുഖ്യമന്ത്രി പദം അലങ്കരിച്ചപ്പോഴും കെ കരുണാകരനായിരുന്നു ജനദൃഷ്ടിയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴുമൊക്കെ അദ്ദേഹം ശ്രദ്ധേയനായിരുന്നു.

ക്രാന്തദര്‍ശികത്വം എന്നതിന്റെ വ്യാഖ്യാനവും അര്‍ഥവും കെ കരുണാകരന്റെ ജീവിതത്തെ നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകും. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമൊക്കെ ഉണ്ടാവുമ്പോഴും അദ്ദേഹം ഒരിക്കലും രണ്ടാം സ്ഥാനത്തായിരുന്നില്ല. ഒന്നാം സ്ഥാനത്തായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം എപ്പോഴും ലീഡര്‍ എന്ന് അറിയപ്പെട്ടതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍, കെ എം സി സി പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ്, ദീപക് ഷെട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉമ്മന്‍ചാണ്ടിയുടെ പുസ്തകം കാലം സാക്ഷി ചടങ്ങില്‍ പ്രകാശനം ചെയ്തു.

error: Content is protected !!