

കൊച്ചി: സംസ്ഥാനത്ത് പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പോലും അപേക്ഷിച്ച ഒരു സ്‌കൂളിലും ലിസ്റ്റില്‍ ഉള്‍പ്പെടാത്ത സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. സീറ്റുകള്‍ വര്‍ധിപ്പിച്ച് അപേക്ഷകരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള അറബിക് മുന്‍ഷിസ് അസോസിയേഷന്‍ (കെ എ എം എ) സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍, പ്രസിഡന്റ് എ എ ജാഫര്‍ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഹയര്‍ സെക്കന്‍ഡറിയില്‍ അറബിക് ഉള്‍പ്പെടെയുള്ള ഉപഭാഷാ തസ്തികകള്‍ക്ക് 10 കുട്ടികള്‍ മതിയായിരുന്ന സ്ഥാനത്ത് അറബിക്കിന് മാത്രം 25 കുട്ടികള്‍ വേണമെന്നുള്ള തെറ്റായ നിര്‍ദ്ദേശം തിരുത്തി ഉത്തരവ് ഉണ്ടാകണം.

തസ്തിക നിര്‍ണയത്തിനുള്ള നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലെ ഉപഭാഷാ പഠനത്തിന് ഉണ്ടെങ്കില്‍ മുന്‍കാലങ്ങളിലേതുപോലെ നാല് ഉപഭാഷകള്‍ക്ക് വരെ പഠനത്തിന് അവസരം നല്‍കുകയും വിദ്യാര്‍ഥികളുടെ തുടര്‍ഭാഷാ പഠനത്തിന് സൗകര്യമൊരുക്കുകയും ചെയ്യണമെന്നും കെ എ എം എ നേതാക്കള്‍ ആവശ്യപ്പെട്ടു.

