

ദുബൈ: ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണാര്‍ഥം യു എ ഇ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മാരത്തണിന് കേരളം ആതിഥ്യം വഹിക്കുന്നു. ദകേരള മുഖ്യമന്ത്രി പിണറായി വിജയനുമായി യു എ ഇ അധികൃതര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സായിദ് ചാരിറ്റി മാരത്തണ്‍ കേരളത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഈ അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുന്നത്.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിപാടി നടത്തുന്നത്. ഡിസംബറില്‍ യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് കേരളത്തില്‍ മാരത്തണ്‍ സംഘടിപ്പിക്കുക.

ന്യൂയോര്‍ക്കില്‍ 2005ലാണ് സായിദ് ചാരിറ്റി മാരത്തണ്‍ ആരംഭിച്ചത്. ആരോഗ്യ സംരക്ഷണ മേഖലയുടെ പുരോഗതിക്ക് ധനസമാഹരണമാണ് മാരത്തണിന്റെ ലക്ഷ്യം. യു എ ഇലുള്ള മലയാളികളുടെ എണ്ണത്തിലെ വര്‍ധനവും എമിറേറ്റിനോട് അവര്‍ കാണിക്കുന്ന സ്‌നേഹവും വാത്സല്യവുമാണ് പരിപാടിയുടെ വേദിയായി കേരളത്തെ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.
ആഗോള പരിപാടിയുടെ വേദിയായി കേരളം തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു എ ഇയും ഇന്ത്യയും പ്രത്യേകിച്ച് കേരളവുമായുള്ള സൗഹൃദം കൂടുതല്‍ ശക്തമാകുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ പറഞ്ഞു. കേരളത്തിന് മാത്രമല്ല, ഇന്ത്യയ്ക്കാകെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ചെലവുകള്‍ മുഴുവന്‍ യു എ ഇയാണ് വഹിക്കുക. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സായിദ് ചാരിറ്റി മാരത്തണ്‍ ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ഹിലാല്‍ അല്‍ കാബി, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, സായിദ് ചാരിറ്റി മാരത്തണിന്റെ ഉന്നത സംഘാടക സമിതി അംഗങ്ങളായ ഹമൂദ് അബ്ദുല്ല അല്‍ ജുനൈബി, അഹമ്മദ് മുഹമ്മദ് അല്‍കാബി, വ്യവസായി എം എ യൂസഫലി എന്നിവര്‍ പങ്കെടുത്തു.

