

ദോഹ: ഗ്ലോബല്‍ ഫിനാന്‍സ് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിന് അഞ്ചാം റാങ്ക്.

എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകളും കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും ഖത്തറിന്റെ സാമ്പത്തിക പ്രതിരോധത്തെ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി. ഖത്തറിന്റെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി) ക്രമാനുഗതമായി വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ഊര്‍ജ വിലയിടിവും ആഗോള വ്യാപാരത്തില്‍ തടസ്സങ്ങളും ഉണ്ടായിട്ടും ഖത്തറിന്റെ സമ്പദ്വ്യവസ്ഥ 2024ലും 2025ലും ഏകദേശം രണ്ട് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
വിവിധ മേഖലകളില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമ്പത്തിക അടിത്തറ വിശാലമാക്കാന്‍ ലക്ഷ്യമിടുന്ന ദേശീയ ദര്‍ശനം 2030 ആണ് ഖത്തറിന്റെ സാമ്പത്തിക വിജയത്തിന് കാരണമെന്ന് ഗ്ലോബല്‍ ഫിനാന്‍സ് പറഞ്ഞു.
ടൂറിസം, ഇന്‍ഫ്രാസ്ട്രക്ചര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി എന്നിവയില്‍ സര്‍ക്കാര്‍ നിക്ഷേപം ആകര്‍ഷിച്ചു. സാമ്പത്തിക വളര്‍ച്ചയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന മിക്ക മേഖലകളിലെയും ബിസിനസുകളുടെ 100 ശതമാനം വിദേശ ഉടമസ്ഥത ഖത്തര്‍ അനുവദിക്കുന്നു. അസ്ഥിരമായ മേഖലയില്‍ സ്ഥിരതയുടെ ആണിക്കല്ലും നയതന്ത്രത്തിന്റെ ചാമ്പ്യനും എന്ന നിലയിലും ഖത്തര്‍ പദവി ഉറപ്പിച്ചു.
2023-ലെ മൊത്തം ജി ഡി പി 220 ബില്യണ്‍ ഡോളറായിരുന്നു. മുതിര്‍ന്നവരുടെ ആളോഹരി വരുമാനം (പി പി പി) 118,305 ഡോളറാണ്.
ആദ്യ പത്തിലെ മറ്റ് രാജ്യങ്ങളില്‍ ലക്‌സംബര്‍ഗ്, മക്കാവോ എസ് എ ആര്‍, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സാന്‍ മറിനോ, അമേരിക്ക, നോര്‍വേ എന്നിവയാണ് ഉള്‍പ്പെടുന്നത്.

