

ദോഹ: മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയാ ഫോറം മുൻ പ്രസിഡന്റുമായ അഷറഫ് തൂണേരി സംവിധാനം നിര്‍വഹിച്ച ഡോക്യുമെന്ററി മാര്‍ച്ച് നാലിന് ദോഹയിൽ പ്രദര്‍ശിപ്പിക്കുന്നു. ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനം.

‘മുക്രി വിത്ത് ചാമുണ്ഡി ദി സാഗ ഓഫ് ഹാര്‍മണി ഇന്‍ തെയ്യം ആര്‍ട്ട്’ എന്ന 17.25 മിനുട്ട് ഡോക്യുമെന്ററി വൈകിട്ട് ഏഴരയ്ക്കാണ് ഐ സി സി മുംബൈ ഹാളില്‍ പ്രദര്‍ശിപ്പിക്കുക. പരിപാടിയില്‍ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.


വടക്കേ മലബാറിലെ മാപ്പിള തെയ്യം പ്രമേയമാക്കി പുറത്തിറങ്ങിയ ആദ്യ ഇംഗ്ലീഷ് ഡോക്യുമെന്ററിയാണ് മുക്രി വിത്ത് ചാമുണ്ഡി ദി സാഗ ഓഫ് ഹാര്‍മണി ഇന്‍ തെയ്യം ആര്‍ട്ട്. 2023 നവംബറില്‍ തിരുവനന്തപുരത്ത് നിയമസഭയുടെ രണ്ടാമത് അന്താരാഷ്ട്ര പുസ്തക മേളയില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ശശി തരൂര്‍ എം പി എന്നിവര്‍ പ്രകാശനം ചെയ്ത ഡോക്യുമെന്ററി കേരളത്തിലെ സര്‍വകലാശാലകളിലും കോളേജുകളിലും പൊതുപരിപാടികളിലും പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. ആദ്യ വിദേശ പ്രദര്‍ശനമാണ് ദോഹയില്‍ നടക്കുന്നത്.
ഇന്ത്യയിലെ മതങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും നൂറ്റാണ്ടുകളായി മതമൈത്രിക്ക് നല്‍കിയ വ്യത്യസ്ത സംഭാവനകളും വിശദമാക്കുന്ന ഡോക്യുമെന്ററി ചിത്രീകരണ, ശബ്ദ, സാങ്കേതിക രംഗങ്ങളില്‍ നിരവധി അഭിനന്ദങ്ങള്‍ നേടിയിട്ടുണ്ട്.

ദോഹയിലെ പ്രമുഖരായ ഡോ. അബ്ദുസ്സമ്മദ്, ജെ കെ മേനോന്‍ എന്നിവരാണ് നിര്‍മാതാക്കള്‍. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അബ്ദുല്ല അബ്ദുല്‍ ഹമീദ്, മാധ്യമ പ്രവര്‍ത്തകന്‍ മുജീബുര്‍റഹ്‌മാന്‍ കരിയാടന്‍ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയത്. എ കെ മനോജും സോനു ദാമോദറും ക്യാമറയും അനീസ് സ്വാഗതമാട് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

