
ആലുവ: ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് 2025- 26 വാര്‍ഷിക പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സഹായ ഉപകരണ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ശ്രവണ സഹായി, വിവിധ തരത്തിലുള്ള വീല്‍ചെയര്‍, വാക്കര്‍, ആര്‍ട്ടിഫിഷ്യല്‍ ലിംഫ്, എം ആര്‍ കുട്ടികള്‍ക്ക് പ്രയോജനപ്രദമായ എം ആര്‍ കിറ്റ്, തെറാപ്പി ഐറ്റംസ് തുടങ്ങി ഭിന്ന ശേഷിക്കാരുടെ ദൈനംദിന ജീവിതം സുഗമമാക്കുന്നതിനു സഹായകമായ ഉപകരണങ്ങള്‍ ആവശ്യമുള്ള 40ഓളം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.

ആലുവ ജില്ലാ ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ ഡോ. രാജേഷ്, ഡോ. പ്രിയദര്‍ശിനി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നസീമ കെ ഇ, വികലാംഗ കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, കെല്‍ട്രോണ്‍ പ്രതിനിധികള്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
ഭിന്നശേഷി സഹായ ഉപകരണ മെഡിക്കല്‍ ക്യാമ്പ് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ രാജേഷ് പുത്തനങ്ങാടി, പി വി വിനീഷ്, കെ കെ ശിവാനന്ദന്‍, സബിത സുബൈര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നസീമ കെ ഇ, വികസന സമിതി അംഗങ്ങളായ ഇ എം ഷെരീഫ്, മനു മൈക്കിള്‍, അങ്കണവാടി ടീച്ചര്‍മാരായ ഷീബ രവി, സുധ എ ബി, അനിത ടി എസ്, റണ്‍ബി ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
മെഡിക്കല്‍ ക്യാമ്പിനിടെ, കുറച്ചു നാളായി ചെവി ശരിക്കും കേള്‍ക്കുന്നില്ല, ഹിയറിംങ്ങ് എയ്ഡ് വേണം, പരിശോധിക്കണം എന്നാവശ്യപ്പെട്ട് വന്ന ഒരു യുവാവിന്റെ ചെവി ഇ എന്‍ ടി ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ചെവിയില്‍ നിന്നും ചെറിയ പാറ്റയെ കിട്ടിയത് കൗതുകമായി. കുറച്ചു നാളായി ചെവിയുടെ കേള്‍വി ശക്തി കുറഞ്ഞിട്ടെന്നും ഹോസ്പിറ്റലില്‍ പോയപ്പോള്‍ ചെവിയില്‍ ഒഴിക്കാന്‍ മരുന്ന് തന്നു എന്നും എന്നാല്‍ വലിയ മാറ്റമൊന്നും ഇല്ലാതിരിക്കുന്ന സമയത്താണ് പഞ്ചായത്തിന്റെ മെഡിക്കല്‍ ക്യാമ്പിനെക്കുറിച്ച് വാര്‍ഡ് മെമ്പറുടെ മെസേജ് കണ്ടതെന്നും അങ്ങനെ ആണ് ക്യാമ്പില്‍ വന്നതെന്നും യുവാവ് പറഞ്ഞു. ചെവിയില്‍ നിന്നും പാറ്റയെ എടുത്തതോടെ ചെവിയുടെ കേള്‍വിക്കുറവും മാറി സന്തോഷത്തോടെ ഡോക്ടര്‍ക്കും ക്യാമ്പ് വെച്ച പഞ്ചായത്തിനും പ്രത്യേകം നന്ദി പറഞ്ഞു കൊണ്ടു തിരികെ പോയി.

