

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകനും ഡി വൈ എഫ് ഐക്കാരുടെ മര്‍
ദ്ദനം. ബുധനാഴ്ച രാവിലെ പത്തുമണിയോടെ സന്ദര്‍ശക ഗേറ്റിലാണ് നിയമം കൈയിലെടുത്ത് അക്രമം അരങ്ങേറിയത്.

ഡി വൈ എഫ് ഐ നേതാവിന്റെ കുടുംബത്തെ ആശുപത്രിക്കകത്തേക്ക് കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് ‘മാധ്യമം’ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി ഷംസുദ്ദീനുനേരെയും ആക്രമണമുണ്ടായത്. പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരായ ബാലുശ്ശേരി കണ്ണങ്കോട്ട് കെ എ ശ്രീലേഷ്, ദിനേശന്‍ നരിക്കുനി, രവീന്ദ്ര പണിക്കര്‍ കുറ്റ്യാടി എന്നിവരെയും മാധ്യമ പ്രവര്‍ത്തകന്‍ പി ഷംസുദ്ദീനെയും രോഗിയുടെ കൂട്ടിരിപ്പുകാരനായ കോട്ടക്കല്‍ സ്വദേശി കെ പ്രജീഷിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ അക്രമം നടത്തിയത് ഡി വൈ എഫ് ഐ ജില്ല ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ അരുണിന്റെ നേതൃത്വത്തിലാണെന്ന് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് തിരിച്ചറിഞ്ഞു.
സുരക്ഷാ ജീവനക്കാരെയും രോഗികള്‍ക്കൊപ്പമെത്തിയവരെയും മാധ്യമ പ്രവര്‍ത്തകനെയും ആക്രമിച്ചതിന് ശിക്ഷാനിയമം 323 (ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍), 341 (അന്യായമായി തടഞ്ഞുവക്കല്‍), 332 (പൊതുസേവകനെ ആക്രമിക്കല്‍), 347 (തടഞ്ഞ് വെക്കല്‍) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. അതേസമയം ആശുപത്രിയിലേക്ക് കയറാന്‍ ശ്രമിച്ച സ്ത്രീയെ അപമാനിച്ചെന്ന കേസില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ 323, 341 എന്നിവക്കൊപ്പം 354 (സ്ത്രീയെ അപമാനിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്.
ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് ദമ്പതികള്‍ രാവിലെ മെയിന്‍ ഗെയിറ്റിലെത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു. പ്രധാന കവാടത്തിലൂടെയല്ല സൂപ്രണ്ട് ഓഫിസിലേക്ക് പോകേണ്ടതെന്നും മറ്റൊരു ഗേറ്റിലൂടെ പോകണമെന്നും നിര്‍ദേശിച്ചെങ്കിലും പ്രധാന ഗേറ്റിലൂടെ പോകണമെന്ന് ദമ്പതികള്‍ വാശിപിടിക്കുകയും പോകാന്‍ ശ്രമിച്ചവരെ സുരക്ഷ ജീവനക്കാരന്‍ തടയുകയും ചെയ്തു. ഇതില്‍ ക്ഷുഭിതനായ ഇയാള്‍ പുറത്ത് നിന്ന് 15ഓളം പേരുമായി എത്തി സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ സുരക്ഷ ജീവനക്കാരനടക്കം മൂന്നുപേരെയും ചവിട്ടുകയും ക്രൂരമായി തൊഴിക്കുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമായി കാണുന്നുണ്ട്.
അക്രമത്തില്‍ പ്രതിഷേധിച്ച് സെക്യൂരിറ്റി ജീവനക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രതിഷേധ പ്രകടനം നടത്തി.
മാധ്യമ പ്രവര്‍ത്തകനെതിരായ അക്രത്തില്‍ കെ യു ഡബ്ല്യു ജെ ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

