
കോഴിക്കോട്: എം പിമാരും എം എല്‍ എമാരും നിയന്ത്രിക്കുന്ന പാര്‍ട്ടിയായി സംസ്ഥാനത്തെ കോണ്‍ഗ്രസ് മാറിയെന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെ പി അനില്‍കുമാര്‍.
ഇവര്‍ എല്ലാ തീരുമാനങ്ങളും എടുക്കുന്നു. ബാക്കിയുള്ളവര്‍ നോക്കുകുത്തിയാവുകയാണ്. എന്ത് മാനദണ്ഡപ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് അനില്‍ കുമാര്‍ ചോദിച്ചു. ഇതുവരെ അത്തരം ഒരറിയിപ്പും ലഭിച്ചിട്ടില്ല. വിശദീകരണം ചോദിക്കാതെയാണ് നടപടി. എ ഐ സി സി അംഗമായ തനിക്കെതിരെ നടപടി എടുക്കുമ്പോള്‍ എ ഐ സി സിയുടെ അംഗീകാരം വേണം. നടപടിക്കെതിരേ എ ഐ സി സിക്ക് പരാതി നല്‍കും.

പാര്‍ട്ടി വേദിയില്‍ അഭിപ്രായം തുറന്നു പറയാന്‍ കഴിയാതെ വന്നതോടെയാണ് റോഡിലിറങ്ങി പറയേണ്ടി വന്നത്. ഉള്ള കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞത് തെറ്റാണോ എന്നും അദ്ദേഹം ചോദിച്ചു.
കെ സുധാകരനും വി ഡി സതീശനും പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നപ്പോള്‍ തനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മുന്‍പത്തേതിലും മോശമായാണ് വരുന്നത്. വി ഡി സതീശനും കെ സുധാകരനും മുന്‍പ് നടത്തിയ അച്ചടക്ക ലംഘനത്തിന്റെയത്രയൊന്നും താന്‍ നടത്തിയിട്ടില്ല.

മുഖ്യമന്ത്രിയെയും പാര്‍ട്ടി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും വിമര്‍ശിച്ചയാളാണ് സതീശന്‍.
2016ലും 2021ലും തനിക്ക് സീറ്റ് തരാതെ അപമാനിച്ചപ്പോഴും പരസ്യമായി പ്രതിഷേധിച്ചിട്ടില്ല. എം കെ രാഘവനാണ് കോഴിക്കോട്ടെ കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.
സ്ഥാനാര്‍ഥികളെ തീരുമാനിച്ചതടക്കം എല്ലാം ചെയ്തത് അദ്ദേഹമാണ്. ഡി സി സിയെ നോക്കുകുത്തിയാക്കി തന്റെ താല്‍പര്യങ്ങള്‍ നടപ്പാക്കുകയാണ് രാഘവന്‍ ചെയ്തത്. താന്‍ അല്ലാതെ മറ്റാരും വരരുത് എന്നാണ് അദ്ദേഹം കരുതുന്നത്.
കോണ്‍ഗ്രസുകാരനായി തന്നെ തുടരണമെന്നുണ്ട്. അങ്ങനെ മരിക്കാനുമാണ് ആഗ്രഹം. അതിന് ഇവര്‍ സമ്മതിക്കുമോ എന്നറിയില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.

