
മനാമ: രാജ്യത്തെ പ്രമുഖ വ്യാപാര- ടൂറിസം പരിപാടികളിലൊന്നായ ഓട്ടം ഫെയര്‍ 2026 ബഹ്‌റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ ബിന്‍ത് ജാഫര്‍ അല്‍ സൈറാഫി ഉദ്ഘാടനം ചെയ്തു.

ഇന്ന് ജനുവരി 22 മുതല്‍ 31 വരെ ബഹ്‌റൈന്‍ എക്‌സിബിഷന്‍ വേള്‍ഡില്‍ നടക്കുന്ന മേളയില്‍ 24-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 600 പ്രദര്‍ശകര്‍ പങ്കെടുക്കുന്നുണ്ട്. ഓട്ടം ഫെയര്‍ ബഹ്‌റൈനില്‍ തുടര്‍ച്ചയായി സംഘടിപ്പിക്കപ്പെടുന്ന പ്രധാന അന്താരാഷ്ട്ര പ്രദര്‍ശനങ്ങളിലൊന്നാണെന്നും ഇത് പ്രാദേശികവും ആഗോളവുമായ എക്‌സിബിഷന്‍- കണ്‍വെന്‍ഷന്‍ ടൂറിസം ഭൂപടത്തില്‍ ബഹ്‌റൈന്റെ ശക്തമായ സാന്നിധ്യം തെളിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം മാലി, കെനിയ, തായ്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ആദ്യമായി മേളയില്‍ പങ്കെടുക്കുന്നുവെന്നത് ശ്രദ്ധേയമാണ്. വിവിധ രാജ്യങ്ങളുടെ ആയിരക്കണക്കിന് ഇറക്കുമതി ഉത്പന്നങ്ങള്‍ ഓട്ടം ഫെയര്‍ പവലിയനുകളിലൂടെ പ്രദര്‍ശിപ്പിക്കും. വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, പെര്‍ഫ്യൂമുകള്‍, ആക്സസറികള്‍, ഹസ്തകലാ വസ്തുക്കള്‍ തുടങ്ങിയവ മേളയില്‍ ലഭ്യമാണ്.
കൂടാതെ, കുടുംബങ്ങള്‍ക്കായി പ്രത്യേക വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകിട്ട് 6 മുതല്‍ 7 വരെ ‘ഡബ്ദൂബ്’, ‘ഡബ്ദൂബാ’ എന്നീ കഥാപാത്രങ്ങളുടെ ലൈവ് പ്രകടനങ്ങള്‍ നടക്കും. മാട്രിക്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഇലക്ട്രോണിക് ഗെയിമിംഗ് സോണും വിവിധ രാജ്യങ്ങളുടെ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ ഫുഡ് ഏരിയയും മേളയുടെ പ്രത്യേകതകളാണ്.
എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈന്റെ 2, 3, 5, 6 ഹാളുകളില്‍ ദിവസേന രാവിലെ 10 മുതല്‍ രാത്രി 10 വരെ ആയിരിക്കും ഫെയര്‍ നടക്കുക. പ്രവേശനം സൗജന്യമാണ്. എന്നാല്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മുന്‍കൂട്ടി രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.

