എ വി അബ്ദുറഹിമാന്‍ ഹാജിയെയും സി മോയിന്‍കുട്ടിയെയും അനുസ്മരിച്ചു

Web Desk
2 Min Read

ദോഹ: മുസ്‌ലിം ലീഗിന്റെ സമുന്നത നേതാക്കളും തിരുവമ്പാടിയുടെ വികസന നായകരുമായിരുന്ന എ വി അബ്ദുറഹ്മാന്‍ ഹാജിയെയും സി മോയിന്‍കുട്ടി സാഹിബിനെയും അനുസ്മരിക്കുവാന്‍ തിരുവമ്പാടി മണ്ഡലം കെ എം സി സി ഖത്തര്‍ പരിപാടി സംഘടിപ്പിച്ചു. പ്രഭാഷകനും മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ഉപാധ്യക്ഷനുമായ എസ് പി കുഞ്ഞമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. അദ്ദേഹം ഇരു നേതാക്കളുടെയും ജീവിത രേഖ വരച്ചുകാട്ടി.

city exchange

കുലീനനും വിനയാന്വിതനുമായ എ വി അബ്ദുറഹ്മാന്‍ ഹാജിയുടെ പാണ്ഡിത്യവും ധിഷണയും മുസ്‌ലിം ലീഗ് പാര്‍ട്ടിക്ക് വലിയ കരുത്തായിരുന്നുവെന്ന് എസ് പി പറഞ്ഞു. പ്രസംഗത്തില്‍ സാഹിത്യഭാഷ ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന് അക്ഷരശ്ലോകത്തില്‍ അവഗാഹമുണ്ടായിരുന്നു. തിരുവമ്പാടി മണ്ഡലത്തിലെ ജനങ്ങളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടാന്‍ അദ്ദേഹത്തിന് സാധിച്ചത് സ്വഭാവ നൈര്‍മ്മല്യം കൊണ്ടായിരുന്നു. മുസ്‌ലിം ലീഗിന്റെ നേതൃനിരയില്‍ സവിശേഷമായ സ്ഥാനം ലഭിച്ച വ്യക്തിത്വമായിരുന്നു എ വിയുടേത്- എസ് പി പറഞ്ഞു.

ഏതു പ്രശ്‌നങ്ങളെയും ചങ്കൂറ്റത്തോടെ നേരിടുകയും പ്രവര്‍ത്തകന്മാര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകരുകയും ചെയ്ത ധീര നേതാവായിരുന്നു മോയിന്‍കുട്ടി സാഹിബെന്ന് എസ് പി അനുസ്മരിച്ചു. യൂത്ത് ലീഗിന്റെ അമരക്കാരനായി പ്രവര്‍ത്തിച്ച അദ്ദേഹം സംഘടനയെ കെട്ടിപ്പടുക്കുവാന്‍ ത്യാഗം സഹിച്ച നേതാവായിരുന്നു.

സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ തിരുവമ്പാടി മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് യൂനുസ് പുത്തലത്തിന് സ്വീകരണം നല്‍കി. മണ്ഡലം കെ എം സി സി പ്രസിഡണ്ട് ഇ എ നാസര്‍ ഉപഹാരം നല്‍കി. കെ എം സി സി സംസ്ഥാന സെക്രട്ടറി അലി മൊറയൂര്‍ ഉദ്ഘാടനം ചെയ്തു.

- Advertisement -
Ad image

ജില്ലാ പ്രസിഡണ്ട് ടി ടി കുഞ്ഞമ്മദ്, വൈസ് പ്രസിഡണ്ട് പി സി ശരീഫ്, സെക്രട്ടറി ഷബീര്‍ കുറ്റ്യാടി സംസാരിച്ചു. പി സി അലികുഞ്ഞി ഫൈസി പ്രാര്‍ഥന നടത്തി.

ഇ എ നാസര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ടി പി അബ്ബാസ് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ ടി യാസര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.

ജില്ലാ, മണ്ഡലം സാരഥികളായ കെ കെ ബഷീര്‍, നബീല്‍ നന്തി, നവാസ് കോട്ടക്കല്‍, മുജീബ് ദേവര്‍കോവില്‍, അഡ്വ. സജിമോന്‍ കാരക്കുറ്റി, ഹനീഫ തൂങ്ങുംപുറം, പി പി സുഹാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!